ന്യൂഡെൽഹി: മ്യാൻമറിനെയും തായ്‌ലൻഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തിൽ 150ലേറെ ആളുകൾ മരിച്ചതായി സ്‌ഥിരീകരണം. മ്യാൻമറിൽ മാത്രം 144 പേർ മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിവരം. തകർന്നു വീണ കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്.
രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതിനിടെ, മ്യാൻമറിൽ ഇന്നലെ രാത്രിയും ഭൂചലനം അനുഭവപ്പെട്ടു. 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാശനഷ്‌ടമില്ല. മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മാൻഡലെ തകർന്നടിഞ്ഞു. മാൻഡലെ നഗരത്തിലെ ഒരു പള്ളി തകർന്ന് വീണാണ് കൂടുതൽ മരണം സംഭവിച്ചത്. പട്ടാളഭരണമുള്ള മ്യാൻമറിൽ നിന്ന് ദുരന്തത്തിന്റെ വ്യാപ്‌തി സംബന്ധിച്ച പൂർണവിവരങ്ങൾ പുറത്തുവന്നിട്ടില്ല.
അതേസമയം, ഭൂകമ്പം തകർത്ത മ്യാൻമറിനായി ലോകരാഷ്‌ട്രങ്ങൾ കൈകോർത്തു. ഇന്ത്യ 15 ടൺ ദുരിതാശ്വാസ വസ്‌തുക്കൾ മ്യാൻമറിലേക്ക് അയച്ചു. ടെന്റുകളും സ്ളീപ്പിങ് ബാഗുകളും പുതപ്പുകളും ഭക്ഷണ സാധനങ്ങളും മരുന്നുകളും ഉൾപ്പടെയുള്ള സാധനങ്ങളുമായി ഇന്ത്യൻ വ്യോമസേനാ വിമാനം മ്യാൻമറിലേക്ക് പുറപ്പെട്ടു.
മ്യാൻമറിനെ സഹായിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും വ്യക്‌തമാക്കി. ചൈനയും സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. സാധ്യമായതെല്ലാം ചെയ്യുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. ദുരന്തത്തിൽ മ്യാൻമറിനൊപ്പം നിൽക്കുന്നതായി ജപ്പാൻ പ്രധാനമന്ത്രിയും വ്യക്‌തമാക്കി.
ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ മ്യാൻമറിലെ ആറിടങ്ങളിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ ഉച്ചയ്‌ക്ക് മ്യാൻമറിലുണ്ടായത്. പിന്നാലെ 6.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ജിയോളജിക്കൽ സർവേയുടെ കണക്കുപ്രകാരം മാന്റ്ലെയിൽ നിന്ന് 17.2 കിലോമീറ്റർ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇന്ത്യ, ബംഗ്ളാദേശ്, ചൈന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ







































