വയനാട്: കൽപ്പറ്റ പോലീസ് കസ്‌റ്റഡിയിൽ മരിച്ച ആദിവാസി യുവാവ് മുൻപും ആത്‍മഹത്യയ്‌ക്ക് ശ്രമിച്ചിട്ടുണ്ടെന്ന വാദവുമായി പോലീസ്. ഗോകുലിന്റെ കൈത്തണ്ടയിൽ മുൻപ് ഉണ്ടായിട്ടുള്ള അഞ്ച് മുറിപ്പാടുകൾ പോസ്‌റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മൂർച്ചയുള്ള വസ്‌തു ഉപയോഗിച്ച് ഉണ്ടാക്കിയ തരത്തിലുള്ള മുറിവുകളുടെ അടയാളങ്ങളാണിവയെന്നാണ് വിലയിരുത്തൽ. ഈ പാടുകൾ ഗോകുൽ മുൻപ് നടത്തിയ ആത്‍മഹത്യാ ശ്രമങ്ങളുടെ ബാക്കിപത്രമാണെന്ന് പോലീസ് പറയുന്നു. അതേസമയം, ഗോകുലിന്റെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ തെളിവുകൾ ഇല്ലെന്നും കെട്ടിത്തൂങ്ങിയത് തന്നെയാണ് മരണകാരണമെന്നുമാണ് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
എന്നാൽ, ഗോകുലിന്റെ മരണ സമയത്ത് സ്‌റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് സംഭവത്തിൽ വീഴ്‌ച ഉണ്ടായതായി ജില്ലാ പോലീസ് മേധാവി ഉത്തരമേഖലാ ഡിഐജിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ശുചിമുറിയിലേക്ക് പോയ ഗോകുലിനെ കൃത്യമായി നിരീക്ഷിക്കുന്നതിൽ വീഴ്‌ച വരുത്തിയെന്നും വയസ് കൂട്ടിക്കാണിച്ചാണ് ഗോകുലിനെ കസ്‌റ്റഡിയിൽ എടുത്തതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി സംഭവത്തിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട് നൽകണമെന്നാണ് കമ്മീഷൻ നിർദ്ദേശം നൽകിയിരിക്കുന്നത്. അമ്പലവയൽ നെല്ലാറച്ചാൽ സ്വദേശി പുതിയപാടി വീട്ടിൽ ചന്ദ്രൻ-ഓമന ദമ്പതികളുടെ മകൻ ഗോകുൽ (18) ആണ് കൽപ്പറ്റ പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിൽ കഴിഞ്ഞദിവസം തൂങ്ങിമരിച്ചത്.
അഞ്ചുദിവസം മുൻപ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും യുവാവിനെയും കാണാതായിരുന്നു. അന്വേഷണത്തിനിടെയാണ് കോഴിക്കോട് നിന്ന് ഇരുവരെയും കണ്ടെത്തിയത്. തുടർന്ന് ഇരുവരെയും കൽപ്പറ്റ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു. പെൺകുട്ടിയെ വീട്ടിലേക്ക് വിടുകയും ഗോകുലിനെ സ്‌റ്റേഷനിൽ നിർത്തുകയും ആയിരുന്നു. സ്‌റ്റേഷനിൽ വെച്ച് ശുചിമുറിയിൽ പോകണമെന്ന് ഗോകുൽ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ശുചിമുറിയിൽ തൂങ്ങിയമരിച്ച നിലയിൽ കണ്ടെത്തിയത്.
Most Read| ആഹാ ഇത് കൊള്ളാലോ, വിൽപ്പനക്കെത്തിച്ച കോഴിയെ കണ്ട് കണ്ണുതള്ളി കടയുടമ!








































