‘വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്’; ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ സുപ്രീം കോടതി

കേസ് കോടതിയിൽ തുടരുന്നത് തീർപ്പാക്കുന്നതിനിടെ ഡീനോട്ടിഫൈ ചെയ്യപ്പെട്ടാൽ വലിയ പ്രത്യാഘാതമുണ്ടാക്കും എന്നാണ് സുപ്രിം കോടതിയുടെ നിരീക്ഷണം.

By Senior Reporter, Malabar News
supreme_court
Ajwa Travels

ന്യൂഡെൽഹി: വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹരജികളിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നു. ചീഫ് ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന, പിവി സഞ്‌ജയ്‌ കുമാർ, കെവി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ (വഖഫ് പട്ടികയിൽ നിന്ന് ഒഴിവാക്കരുത്) ചെയ്യരുതെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി.

ഉപയോഗം വഴിയോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയ സ്വത്തുക്കൾ അത് അല്ലാതാക്കരുതെന്നാണ് കോടതി നിർദ്ദേശം. കേസ് കോടതിയിൽ തുടരുന്നത് തീർപ്പാക്കുന്നതിനിടെ ഡീനോട്ടിഫൈ ചെയ്യപ്പെട്ടാൽ വലിയ പ്രത്യാഘാതമുണ്ടാക്കും എന്നായിരുന്നു കോടതി വ്യക്‌തമാക്കിയത്.

വഖഫ് കൗൺസിലിലെ അംഗങ്ങളിൽ എക്‌സ് ഒഫിഷ്യോ അംഗങ്ങളെ മുസ്‌ലിം അല്ലെങ്കിലും നിയമിക്കാം. എന്നാൽ, ബാക്കിയുള്ളവർ മുസ്‌ലിംകൾ ആയിരിക്കണമെന്നും കോടതി പറഞ്ഞു. അതേസമയം, സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ അതിശക്‌തമായ എതിർപ്പിനെ തുടർന്ന്, ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെ കേസ് കൂടുതൽ വാദത്തിനായി നാളേക്ക് മാറ്റി.

പാർലമെന്ററി നിയമത്തിലൂടെ മത ആചാരത്തിൽ സർക്കാർ ഇടപെട്ടുവെന്ന് കപിൽ സിബൽ സുപ്രീം കോടതിയിൽ വാദിച്ചു. അനുച്‌ഛേദം 26ന്റെ ലംഘനമാണ് നടന്നതെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. മതപരമായ ആചാരങ്ങൾ ഭരണഘടനാപരമായ അവകാശമാണ്. ഇസ്‌ലാം മതത്തിലെ അനിവാര്യ ആചാരമാണ് വഖഫ്. ആചാരത്തെ ചോദ്യം ചെയ്യാൻ സർക്കാരിന് എന്ത് അധികാരമാണ് ഉള്ളതെന്നും കപിൽ സിബൽ ചോദിച്ചു.

മുസ്‌ലിം ലീഗിന് വേണ്ടിയാണ് കപിൽ സിബൽ വാദങ്ങൾ ഉന്നയിക്കുന്നത്. ഇതോടെ, കേസ് ഹൈക്കോടതിയിലേക്ക് തിരികെ വിടണമോയെന്ന് ചീഫ് ജസ്‌റ്റിസ്‌ ചോദിച്ചു. ആർട്ടിക്കിൾ 26നെ മതാചാരമായി കൂട്ടികുഴയ്‌ക്കരുത്. ആർട്ടിക്കിൾ 26 മതേതരമാണ്. എല്ലാ സമുദായങ്ങൾക്കും ബാധകമാണ്. പുരാതന സ്‌മാരകങ്ങളാകും മുൻപ് വഖഫായിരുന്നത്. അത് അങ്ങനെ തന്നെ തുടരുമെന്നും ചീഫ് ജസ്‌റ്റിസ്‌ സഞ്‌ജീവ്‌ ഖന്ന പറഞ്ഞു.

മുസ്‌ലിം ലീഗ്, സിപിഐ, ഡിഎംകെ, നടൻ വിജയ് നയിക്കുന്ന തമിഴ്‌നാട് വെട്രി കഴകം, വൈഎസ്ആർ കോൺഗ്രസ്, സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ, അഖിലേന്ത്യാ മുസ്‌ലിം വ്യക്‌തി നിയമ ബോർഡ്, ജംഇയ്യത്ത് ഉലമ ഐ ഹിന്ദ്, തൃണമൂൽ എംപി മഹുവ മൊയ്‌ത്ര, കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി, ആർജെഡി, എഎപി നേതാവ് അമാനുത്തുല്ല ഖാൻ, അസോസിയേഷൻ ഫോർ ദ് പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ്, മൗലാന അർഷദ് മഅദനി, അൻജും ഖദ്രി, തയ്യിബ് ഖാൻ, സാൽമനി, മുഹമ്മദ് ഷാഫി, മുഹമ്മദ് ഫസലുറഹീം തുടങ്ങിയവർ നൽകിയ ഹരജികളാണ് സുപ്രീം കോടതി ഒന്നിച്ച് പരിഗണിക്കുന്നത്.

Most Read| ട്രംപിന് തിരിച്ചടി; നിയമ സ്‌ഥാപനത്തിനെതിരായ എക്‌സിക്യൂട്ടീവ് ഉത്തരവുകൾ തടഞ്ഞ് കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE