കോഴിക്കോട്: ഭരണഘടനാ അവകാശം ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. പൗരന്റെ സ്വത്തിന് സംരക്ഷണം നൽകേണ്ടത് സർക്കാരാണ്. എന്നാൽ, കാവൽക്കാരൻ കൈയ്യേറുന്ന അവസ്‌ഥയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ വിമർശിച്ചു.
‘ചൗക്കിദാർ ചോർ ഹെ’ എന്ന് പറഞ്ഞത് ശരിയാകുകയാണെന്നും അദ്ദേഹം പറഞ്ഞു. വഖഫ് നിയമഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച മഹാറാലി ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രം അടുത്തിടെ കൊണ്ടുവന്ന ബില്ലുകളെല്ലാം മുസ്‌ലിം വിരുദ്ധതയും വർഗീയതയും ഇളക്കി വിടുന്നതാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനുള്ള വേദിയായി പാർലമെന്റിനെ മാറ്റി. വഖഫ് കേസിൽ കോടതി വാദികളുടെ ഭാഗം കേൾക്കാൻ തയ്യാറായത് തന്നെ പ്രതീക്ഷാവഹമാണ്. പല നിലയ്‌ക്കും സാമ്രാജ്യത്വവും ഫാഷിസവും കടന്നുവരുന്നു. അതിൽ പലതും ഇപ്പോൾ മുസ്‌ലിംകൾക്കെതിരാണ്. നാളെ മറ്റാർക്കെങ്കിലുമെതിരാകാം.
മുനമ്പത്ത് നിന്ന് ആരും കുടിയിറപ്പെടരുതെന്ന് ലീഗും മുസ്‌ലിം സംഘടനകളും ആവശ്യപ്പെട്ടു. മുനമ്പത്തെ ജനങ്ങൾക്കൊപ്പമാണ് ലീഗ്. സർക്കാർ ചർച്ചയ്‌ക്ക് വിളിച്ചാൽ തീരുന്ന പ്രശ്‌നമേയുള്ളൂ. എന്നാൽ, നീട്ടിക്കൊണ്ടുപോയി രാഷ്‌ട്രീയ നേട്ടത്തിനാണ് കേരള സർക്കാർ ശ്രമിക്കുന്നതെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ബിജെപി എന്നത് ഭാരതീയ നുണ പാർട്ടിയാണെന്ന് മുഖ്യാതിഥിയായിരുന്നു കർണാടക റവന്യൂ മന്ത്രി കൃഷ്‌ണ ഭൈര ഗൗഡ പറഞ്ഞു. ബിജെപി നുണയും കള്ളവും മാത്രമാണ് പറയുന്നതെന്നും അദ്ദേഹം മലയാളത്തിൽ പറഞ്ഞു. സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരങ്ങളാണ് മഹാറാലിയിൽ പങ്കെടുത്തത്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ








































