പല അടുക്കുകളുള്ള ഒരു ബർഗർ കഴിക്കുന്നത് അൽപ്പം പ്രയാസമേറിയ കാര്യമാണല്ലേ? ബർഗർ വായിലൊതുങ്ങാത്തത് തന്നെയാണ് അതിന് കാരണം. എന്നാൽ, അലാസ്കയിലെ കെറ്റ്ചിക്കയിൽ നിന്നുള്ള മേരി പേൾ എന്ന വനിതയ്ക്ക് ഇതൊക്കെ വളരെ സിമ്പിൾ ആണ്.
ഒരു പാറ്റി മാത്രമുള്ള ബർഗർ പോലും താഴെ വീഴാതെ വായിൽ പൂർണമായി ഉൾക്കൊള്ളിച്ച് കഴിക്കാൻ ആളുകൾ പ്രയാസപ്പെടുമ്പോൾ പത്ത് പാറ്റികൾ ഒന്നിന് മുകളിൽ ഒന്നായി അടുക്കിവെച്ച ഭീമൻ ബർഗർ നിഷ്പ്രയാസം മേരിയുടെ വായിൽ കടന്നുപോകും. വായയുടെ വലിപ്പത്തിന്റെ പേരിൽ ഗിന്നസ് ലോക റെക്കോർഡ് നേടിയിരിക്കുകയാണ് മേരി.
തന്റെ വായയ്ക്ക് അസാമാന്യ വലിപ്പമുണ്ടെന്ന് പണ്ടുമുതലേ മേരിക്ക് തോന്നിയിരുന്നു. എന്നാൽ, ഇത് അത്ര വലിയ കാര്യമാണെന്ന് ഒരിക്കലും കരുതിയതേയില്ല. അങ്ങനെയിരിക്കെയാണ് 2021ൽ ഏറ്റവും വലിയ വായയുള്ള വനിത എന്നാണ് റെക്കോർഡ് സൃഷ്ടിക്കപ്പെട്ടതായി മേരി അറിഞ്ഞത്. നിലവിലെ റെക്കോർഡ് ജേതാവിന്റെ വായ പൂർണമായി തുറക്കുമ്പോൾ 2.56 ഇഞ്ചാണെങ്കിൽ മേരിയുടെ വായയ്ക്ക് 2.98 ഇഞ്ച് വലിപ്പമാണുള്ളത്.
അഞ്ച് ജങ്ക ബ്ളോക്കുകൾ, ബേസ് ബോൾ, ഡോളർ നോട്ട് എന്നിങ്ങനെ ഒരു സാധാരണ മനുഷ്യന് വായിൽ കൊള്ളാത്ത വസ്തുക്കളെല്ലാം നിഷ്പ്രയാസം മേരിയുടെ വായ്ക്കുള്ളിൽ കടക്കും. വലിയ ആപ്പിളുകളും ലൈറ്റ് ബൾബുമൊക്കെ വായ്ക്കുള്ളിൽ കടത്തി കൂട്ടുകാരെ അമ്പരപ്പിക്കുന്നത് ചെറുപ്പം മുതൽ മേരിയുടെ പതിവ് വിനോദമായിരുന്നു.
എന്നാൽ, മുതിർന്ന ശേഷം ഈ വ്യത്യസ്തത കാര്യമായി എടുത്തില്ല. ചില അവസരങ്ങളിൽ അബദ്ധത്തിൽ വായയുടെ വലിപ്പം മറ്റുള്ളവർ കാണുമ്പോൾ അവർ ഭയക്കുന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷെ ഒടുവിൽ ഈ അപൂർവത തന്നെ റെക്കോർഡ് നേട്ടത്തിലേക്ക് എത്തിക്കുകയായിരുന്നു.
വായയുടെ വലിപ്പം മേരിയുടെ മുഖത്തിന്റെ പ്രകൃതിയെ ഒരുതരത്തിലും ബാധിച്ചിട്ടില്ല. വായ അടച്ച നിലയിൽ നോക്കിയാൽ പ്രത്യേകതകൾ ഒന്നുംതന്നെ തോന്നുകയുമില്ല. എന്നാൽ, വായ തുറന്ന് തുടങ്ങുമ്പോൾ മുഖമാകെ മാറുന്നത് കണ്ടറിയാം. താടിയെല്ലിന്റെ അസ്വാഭാവിക സ്ഥാനം മൂലം വായ തുറക്കുന്ന സമയത്ത് ഒരു തടസവും മേരിക്ക് അനുഭവപ്പെടാറില്ല.
യാതൊരു ബുദ്ധിമുട്ടുകളും തോന്നാതെ എത്രത്തോളം തുറക്കാമോ അത്രയും തുറന്ന് പിടിക്കാൻ സാധിക്കുന്നതും അതുല്യമാണ്. എന്തായാലും റെക്കോർഡ് നേടിയതോടെ ഒന്നുകൂടി പരിശീലനം നേടിയാൽ സ്വന്തം റെക്കോർഡ് തന്നെ തിരുത്തിക്കുറിക്കാനാവുമെന്ന ആൽമവിശ്വാസത്തിലാണ് മേരി.
Most Read| രാജ്യത്തെ 44 കോടിയിലധികം പേർ അമിതഭാരക്കാരാകും- പഠനം