കാസർഗോഡ്: കണ്ണൂർ സർവകലാശാല ബിരുദ പരീക്ഷയുടെ ചോദ്യങ്ങൾ വിദ്യാർഥികൾക്ക് ചോർത്തി നൽകിയ സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനെതിരെ കേസെടുത്ത് പോലീസ്. കാസർഗോഡ് പാലക്കുന്ന് ഗ്രീൻവുഡ്‌സ് ആർട്‌സ് ആൻസ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പി അജീഷിനെതിരെയാണ് പോലീസ് കേസെടുത്തത്.
ഒമ്പത് വിദ്യാർഥികളും പ്രിൻസിപ്പലും അടങ്ങിയ വാട്‌സ് ആപ് ഗ്രൂപ്പിൽ പരീക്ഷയ്‌ക്ക് ഒരുമണിക്കൂർ മുൻപ് ചോദ്യങ്ങൾ പോസ്‌റ്റ് ചെയ്‌തെന്നാണ് സർവകലാശാല കണ്ടെത്തിയത്. കണ്ണൂർ സർവകലാശാല അവസാന സെമസ്‌റ്റർ ബിസിഎ പരീക്ഷയുടെ ചോദ്യങ്ങളാണ് ചോർത്തിയത്. അജീഷിനെതിരെ കേസെടുത്തതിന് പിന്നാലെ വാട്‌സ് ഗ്രൂപ്പ് ഡിലീറ്റ് ചെയ്‌തു.
ചോദ്യചോർച്ച സംബന്ധിച്ച് വൈസ് ചാൻസലർക്ക് സിൻഡിക്കേറ്റ് സമിതി റിപ്പോർട് കൈമാറിയിട്ടുണ്ട്. സൈബർ സെല്ലും അന്വേഷിക്കും. മാർച്ച് 18 മുതൽ ഈമാസം രണ്ടുവരെയായിരുന്നു ബിസിഎ പരീക്ഷ. സർവകലാശാല പരീക്ഷാ സ്‌ക്വാഡ് ഈ മാസം രണ്ടിന് ഗ്രീൻവുഡ്‌സ് കോളേജിൽ എത്തിയപ്പോഴാണ് ചോദ്യചോർച്ച പിടിച്ചത്.
പരീക്ഷയ്‌ക്ക് മുൻപ് പ്രധാന ചോദ്യങ്ങൾ പ്രിൻസിപ്പൽ വാട്‌സ് ആപ്പിൽ നൽകിയെന്നും മുൻപും ഇത്തരത്തിൽ നടന്നിട്ടുണ്ടെന്നും സ്‌ക്വാഡ് കണ്ടെത്തി. വിദ്യാർഥികൾ തന്നെയാണ് മൊഴി നൽകിയത്. ഈ കോളേജിൽ നടന്ന പരീക്ഷകളെല്ലാം റദ്ദാക്കിയേക്കും. ഗ്രീൻവുഡ്‌സ് കോളേജിൽ ഇനി പരീക്ഷകൾ നടത്തില്ലെന്നും വിദ്യാർഥികൾക്ക് കാസർഗോഡ് ഗവ. കോളേജിൽ പരീക്ഷകളെഴുതാമെന്നും സർവകലാശാല അറിയിച്ചു.
Most Read| ഈസ്‌റ്റർ; വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ, പ്രകോപനമുണ്ടായാൽ പ്രതിരോധിക്കും








































