വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അനുശോചനപ്രവാഹം. രാഷ്ട്രീയ പ്രമുഖരും മതമേലധ്യക്ഷൻമാരും അനുശോചനം രേഖപ്പെടുത്തി. കാരുണ്യത്തിന്റെയും വിനയത്തിന്റെയും പ്രതീകമായി മാർപ്പാപ്പയെ ലോകമെമ്പാടുമുള്ളവർ ഓർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
”ഏറ്റവും പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി അദ്ദേഹം സേവനം ചെയ്തു. പ്രതിസന്ധി നേരിടുന്നവർക്ക് മുമ്പിൽ പ്രതീക്ഷയുടെ വെട്ടമായി. മാർപ്പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചകളെ കുറിച്ച് സസ്നേഹത്തോടെ ഓർക്കുന്നു. ഇന്ത്യക്കാരോട് അദ്ദേഹത്തിനുണ്ടായിരുന്ന സ്നേഹം എപ്പോഴും ഓർമിക്കപ്പെടും. വിയോഗത്തിൽ വളരെയെധികം വേദനിക്കുന്നു. ദൈവത്തിന്റെ കരുണയിൽ അദ്ദേഹത്തിന് ആൽമശാന്തി ലഭിക്കട്ടെ”- പ്രധാനമന്ത്രി അനുശോചിച്ചു.
കാരുണ്യത്തിന്റെയും നീതിയുടെയും സമാധാനത്തിന്റെയും ആഗോള ശബ്ദമായ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ അഗാദമായി ദുഃഖിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി അനുസ്മരിച്ചു.
”അടിച്ചമർത്തപ്പെട്ടവരുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും കൂടെ മാർപ്പാപ്പ നിന്നു. അസമത്വത്തിനെതിരെ നിർഭയമായി സംസാരിച്ചു. സ്നേഹത്തിന്റെയും മനുഷ്യത്വത്തിന്റെയും സന്ദേശത്തിലൂടെ വിവിധ മതങ്ങളിലെ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള കത്തോലിക്കാ സമൂഹത്തോടൊപ്പമാണ് എന്റെ ചിന്തകൾ”- രാഹുൽഗാന്ധി അനുസ്മരിച്ചു.
മനുഷ്യ സ്നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ സമർപ്പിച്ച മാതൃകാ വ്യക്തിത്വത്തിന് ഉടമയായിരുന്നു മാർപ്പാപ്പയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു. അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്ന മുഴുവൻ മനുഷ്യ വിഭാഗങ്ങളോടും ഐക്യദാർഢ്യം പുലർത്തിയ മനസായിരുന്നു അദ്ദേഹത്തിന്റേതെന്നും, വിയോഗത്തിൽ വേദനിക്കുന്ന ലോക ജനതയുടെ ദുഃഖത്തിൽ പങ്കുകൊണ്ട് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
2013 ഏപ്രിൽ 13നാണ് 266ആം മാർപ്പാപ്പയായി ഇറ്റാലിയൻ വംശജനായ അർജന്റീനക്കാരൻ കർദിനാൾ ജോർജ് മാരിയോ ബിർഗോളിയോയെ തിരഞ്ഞെടുത്തത്. ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ രാജിവെച്ചതിന് പിന്നാലെയാണ് ഫ്രാൻസിസ് മാർപ്പാപ്പ സഭയുടെ അമരത്ത് എത്തിയത്. മാർപ്പാപ്പ കാലം ചെയ്തതോടെ ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കും.
വത്തിക്കാന്റെ സ്വത്തിന്റെയും വരുമാനത്തിന്റെയും ഭരണാധികാരിയായ കാമർലെംഗോ ആണ് പോപ്പിന്റെ മരണം സ്ഥിരീകരിക്കുക. കാമർലെംഗോ മാർപ്പാപ്പയുടെ ചെവിയിൽ മാമോദിസ പേര് മൂന്നുതവണ വിളിക്കും. പ്രതികരിക്കാതിരുന്നാൽ മരിച്ചതായി സ്ഥിരീകരിക്കും. തുടർന്ന്, പോപ്പിന്റെ അധികാര ചിഹ്നമായ ഫിഷർമൻസ് മോതിരവും സീലും നശിപ്പിക്കും.
പോപ്പിന്റെ ഭരണത്തിന്റെ അവസാനമാണ് ഇതുകൊണ്ട് അടയാളപ്പെടുത്തുന്നത്. മാർപ്പാപ്പയുടെ മരണശേഷം നാലുമുതൽ ആറ് ദിവസത്തിനുള്ളിൽ ഭൗതികശരീരം സംസ്കരിക്കണം. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരിക്കും സംസ്കാരം. തുടർന്ന് ഒമ്പത് ദിവസത്തെ ദുഃഖാചരണം നടത്തും. കർദിനാൾമാർ കോൺക്ളേവ് കൂടിയായിരിക്കും പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുക.
നിലവിലെ മാർപ്പാപ്പ മരിച്ച് 15 മുതൽ 20 ദിവസത്തിനുള്ളിൽ കോൺക്ളേവ് കൂടും. 80 വയസിന് താഴെയുള്ള കർദിനാൾമാരാണ് ഇതിനായി വത്തിക്കാനിൽ ഒത്തുകൂടുക. അവരെ സിസ്റ്റൈൻ പള്ളിക്കുള്ളിൽ പൂട്ടിയിടും. ഫോണോ മറ്റു മാദ്ധ്യമങ്ങളോ അനുവദിക്കാതെ പുറം ലോകവുമായുള്ള ബന്ധം പൂർണമായി വിച്ഛേദിച്ച ശേഷമായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഒരു സ്ഥാനാർഥിക്ക് മുന്നിൽ രണ്ടുഭൂരിപക്ഷം ലഭിക്കുന്നതുവരെ വോട്ടെടുപ്പ് നടത്തും.
ഓരോ വോട്ടെടുപ്പിന് ശേഷവും ബാലറ്റുകൾ കത്തിക്കും. അവയിൽ നിന്നുവരുന്ന കറുത്ത പുക മാർപ്പാപ്പയെ തിരഞ്ഞെടുത്തിട്ടില്ലെന്നും വെളുത്ത പുക മാർപ്പാപ്പയെ തിരഞ്ഞെടുത്തുവെന്നും സൂചിപ്പിക്കുന്നു. പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുത്തതിനുശേഷം അദ്ദേഹം, ആ പദവിയിലിരിക്കാൻ സന്നദ്ധനാണോ എന്ന് ഔദ്യോഗികമായി ചോദിക്കും. സമ്മതിക്കുകയാണെങ്കിൽ മുമ്പുള്ള വിശുദ്ധൻമാരിൽ ആരുടെയെങ്കിലും ഒരാളുടെ പേര് സ്വന്തം പേരായി തിരഞ്ഞെടുക്കണം.
Most Read| ജസ്റ്റിസ് ബിആർ ഗവായ് അടുത്ത ചീഫ് ജസ്റ്റിസാകും; സത്യപ്രതിജ്ഞ മേയ് 14ന്