ന്യൂഡെൽഹി: പഹൽഗാം ആക്രമണത്തിൽ പങ്കെടുത്ത രണ്ട് ഭീകരരുടെ വീടുകൾ സ്‌ഫോടനത്തിൽ തകർത്തു. ആക്രമണത്തിൽ പങ്കെടുത്ത അനന്ത്‌നാഗ് സ്വദേശി ആദിൽ ഹുസൈൻ തോക്കാർ, ആസൂത്രകരിൽ ഒരാളായ ത്രാൽ സ്വദേശി ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് തകർത്തത്. ഇവരുടെ വീടുകളിൽ സ്‌ഫോടക വസ്‌തുക്കൾ സൂക്ഷിച്ചിരുന്നതായി സുരക്ഷാ സേന അറിയിച്ചു.
വീടുകൾ തകർത്തത് പ്രാദേശിക ഭരണകൂടമാണെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. ഇവരെ കൂടാതെ ആസിഫ് ഫൗജി (മൂസ), സുലൈമാൻ ഷാ (യൂനുസ്), അബു തൽഹ (ആസിഫ്) എന്നിവരും പഹൽഗാം ഭീകരാക്രമണ സംഘത്തിൽ ഉണ്ടായിരുന്നു. ആദിൽ ഹുസൈൻ തോക്കർ മുൻപ് അധ്യാപകനായിരുന്നുവെന്ന് ജമ്മു കശ്‌മീർ പോലീസ് അറിയിച്ചു.
അതേസമയം, പഹൽഗാമിൽ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ ഭീകരരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പ്രഖ്യാപിച്ച് കശ്‌മീർ പോലീസ് പോസ്‌റ്റർ പുറത്തിറക്കിയിരുന്നു. വിവരം തരുന്നവരുടെ വ്യക്‌തിവിവരങ്ങൾ പുറത്തുവിടില്ലെന്നും പോസ്‌റ്ററിലുണ്ട്. അനന്ത്‌നാഗ് സീനിയർ പോലീസ് സൂപ്രണ്ട് (9596777666), പോലീസ് കൺട്രോൾ റൂം (9596777669).
അതിനിടെ, ജമ്മു കശ്‌മീരിലെ ബന്ദിപ്പോര ജില്ലയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്‌കർ ഇ കമാൻഡർ അൽത്താഫ് ലല്ലി കൊല്ലപ്പെട്ടു. കുൽനാർ ബാസിപോര ഏരിയയിൽ ഭീകരവാദികൾ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തതോടെ സൈന്യവും തിരികെ വെടിവെയ്‌ക്കുകയായിരുന്നു. ഇതിനിടെയാണ് ലഷ്‌കർ കമാൻഡറെ വധിച്ചത്. ഏറ്റുമുട്ടലിനിടെ രണ്ട് സുരക്ഷാസേനാ അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്‌ച ഉധംപുരിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ ആർമിയുടെ സ്‌പെഷ്യൽ ഫോഴ്‌സിൽ ഉൾപ്പെട്ട സൈനികർ വീരമൃത്യു വരിച്ചിരുന്നു. ഹവിൽദാർ ജണ്ടു അലി ഷെയ്ഖ് ആണ് വീരമൃത്യു വരിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’







































