പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘സൗദി വെള്ളക്കയ്ക്ക്’ ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ‘തുടരും’ മികച്ച ബോക്സോഫീസ് കളക്ഷനിലേക്ക് കുതിക്കുന്നു. വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിയ ചിത്രം മൂന്നുദിവസം കൊണ്ട് 69 കോടി രൂപയാണ് ആഗോള കളക്ഷനായി നേടിയത്.
എക്സിൽ പങ്കുവെച്ച പോസ്റ്റിലൂടെ സിനിമയുടെ നിർമാതാക്കളായ രജപുത്ര വിഷ്വൽ മീഡിയയും വിതരണക്കാരായ ആശിർവാദ് സിനിമാസുമാണ് ഔദ്യോഗിക കളക്ഷൻ പുറത്തുവിട്ടത്. കേരളത്തിൽ നിന്ന് മാത്രം മൂന്നുദിവസംകൊണ്ട് ലഭിച്ച കളക്ഷൻ 20 കോടിയാണ്. ഞായറാഴ്ച മാത്രം എട്ടുകോടി രൂപയായിരുന്നു കേരളത്തിലെ തിയേറ്ററുകളിൽ നിന്നും നേടിയത്.
അവധി ദിവസമല്ലാതിരുന്നിട്ടുകൂടി തിങ്കളാഴ്ചയും കളക്ഷൻ ആറുകോടിക്ക് മുകളിൽ പോയി. വിദേശത്തും ചിത്രത്തിന് ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. 41 കോടിയാണ് വിദേശത്തുനിന്നുള്ള കളക്ഷൻ. റെസ്റ്റ് ഓഫ് ഇന്ത്യ ഏഴു കോടിയും.
മോഹൻലാലിന്റെ കരിയറിലെ 360ആം ചിത്രമാണ് തുടരും. ശോഭനയാണ് നായിക. 15 വർഷത്തെ ഇടവേളക്ക് ശേഷം മോഹൻലാൽ-ശോഭന താരജോഡി വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തി എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ഷൺമുഖം എന്ന ടാക്സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഭാര്യയും രണ്ടുമക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷൺമുഖം. ഇദ്ദേഹത്തിന്റെ ജീവിതം നർമത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഏറെ ഇടവേളക്ക് ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ചിത്രത്തിന്റെ അവതരണം.
ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കെആർ സുനിലിന്റേതാണ് കഥ. തരുൺ മൂർത്തിയും കെആർ സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് എം രഞ്ജിത്ത് ആണ്.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’