കേരളത്തിന്റെ അഭിമാന പദ്ധതി; വിഴിഞ്ഞം കമ്മീഷനിങ് ഇന്ന്, കനത്ത സുരക്ഷയിൽ തലസ്‌ഥാനം

രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിൽ മുൻപന്തിയിൽ ഇടംപിടിക്കാനൊരുങ്ങുന്ന വമ്പൻ വികസന പദ്ധതികളിലൊന്നാണ് വിഴിഞ്ഞം തുറമുഖം. കഴിഞ്ഞവർഷം ജൂലായിലാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ആരംഭിച്ചത്. ഡിസംബറിൽ തുറമുഖം പൂർണതോതിൽ പ്രവർത്തനവും തുടങ്ങി.

By Senior Reporter, Malabar News
vizhinjam port
Ajwa Travels

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാന പദ്ധതിയായ വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. തുറമുഖം കമ്മീഷൻ ചെയ്യാൻ ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, ബിജെപിയുടെ സംസ്‌ഥാന നേതാക്കൾ ഉൾപ്പടെയുള്ളവർ ചേർന്ന് സ്വീകരിച്ചു.

നിലവിൽ രാജ്ഭവനിലാണ് അദ്ദേഹമുള്ളത്. രാവിലെ 10.15ന് പാങ്ങോട് സൈനിക ക്യാമ്പിലെ കൊളച്ചൻ സ്‌റ്റേഡിയത്തിൽ നിന്ന് പ്രത്യേക ഹെലികോപ്‌ടറിൽ പ്രധാനമന്ത്രി വിഴിഞ്ഞം തുറമുഖത്തിറങ്ങും. പോർട്ട് ഓപ്പറേഷൻ സെന്റർ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ബെർത്ത് സന്ദർശിക്കുന്ന പ്രധാനമന്ത്രി 11ന് തുറമുഖം രാജ്യത്തിന് സമർപ്പിക്കും. തുടർന്ന് 12 മണിയോടെ പ്രധാനമന്ത്രി ഹൈദരാബാദിലേക്ക് മടങ്ങും.

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, മന്ത്രിമാരായ വിഎൻ വാസവൻ, വി ശിവൻകുട്ടി, ജിആർ അനിൽ, സജി ചെറിയാൻ, എംപിമാരായ ശശി തരൂർ, അടൂർ പ്രകാശ്, എഎ റഹിം, എം വിൻസന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഗൗതം അദാനി, കരൺ അദാനി, ബിജെപി സംസ്‌ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ എന്നിവരും വേദിയിലുണ്ടാകും.

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹം ചടങ്ങിൽ പങ്കെടുക്കില്ല. ചടങ്ങിന് മുന്നോടിയായി തുറമുഖവും പരിസരവും കനത്ത സുരക്ഷാ വലയത്തിലാണ്. സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്താൻ സിറ്റി പോലീസ് കമ്മീഷണർ ഉൾപ്പടെ ഉന്നത പോലീസ് സംഘം വിഴിഞ്ഞത്ത് പരിശോധന നടത്തി.

ഇന്നലെ മുതൽ വിഴിഞ്ഞത്തും പരിസരവും പോലീസ് വിന്യാസം ഉണ്ട്. നഗരത്തിൽ ഉൾപ്പടെ 3000ത്തോളം പൊലീസുകാരെ വിന്യസിക്കും എന്നാണ് വിവരം. സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കാനും നിരീക്ഷിക്കാനുമായി ഡെൽഹിയിൽ നിന്നുള്ള 20അംഗ എസ്‌പിജി സംഘത്തിന്റെ മേൽനോട്ടവും ഉണ്ട്. കമ്മീഷനിങ്ങിന് സാക്ഷിയാകാൻ ആയിരങ്ങൾ വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ് കണക്കുകൂട്ടൽ.

നഗരത്തിൽ നിന്ന് വിഴിഞ്ഞത്തേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. രാവിലെ 9.30 മുതലാണ് പൊതുജനങ്ങളെ ചടങ്ങിലേക്ക് പ്രവേശിപ്പിക്കുന്നത്. രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിൽ മുൻപന്തിയിൽ ഇടംപിടിക്കാനൊരുങ്ങുന്ന വമ്പൻ വികസന പദ്ധതികളിലൊന്നാണ് വിഴിഞ്ഞം തുറമുഖം. പ്രവർത്തന സജ്‌ജമായി നാലുമാസത്തിനുള്ളിൽത്തന്നെ ദക്ഷിണേന്ത്യയിലെ മുൻനിര തുറമുഖങ്ങളോട് കിടപിടിക്കുന്ന പ്രകടനമാണ് വിഴിഞ്ഞം കാഴ്‌ചവെച്ചത്.

കഴിഞ്ഞവർഷം ജൂലായിലാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റൺ ആരംഭിച്ചത്. തുറമുഖത്തെത്തിയ സാൻഫാൻഡോയെന്ന കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ട്രയൽ റൺ ഉൽഘാടനം ചെയ്‌തത്‌. ഡിസംബറിൽ തുറമുഖം പൂർണതോതിൽ പ്രവർത്തനവും തുടങ്ങി. ഇക്കാലയളവിൽ ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലിൽ ചിലത് വിഴിഞ്ഞത്തെത്തി.

ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡുമായി ചേർന്ന് അദാനി ഗ്രൂപ്പിനാണ് നിർമാണത്തിന്റെയും നടത്തിപ്പിന്റെയും ചുമതല. തുറമുഖത്തിന്റെ ഭാഗമായി റെയിൽ, റോഡ് കണക്‌റ്റിവിറ്റി പദ്ധതികളും ആവിഷ്‌ക്കരിച്ചിട്ടുണ്ട്. 2015 ഓഗസ്‌റ്റ് 17നാണ് വിഴിഞ്ഞം തുറമുഖത്തിന് കരാർ ഒപ്പിട്ടത്. ഡിസംബർ അഞ്ചിന് തറക്കല്ലിട്ട് നിർമാണവും തുടങ്ങി.

അഞ്ചുവർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും 2024ൽ പദ്ധതി പൂർത്തിയായി. 10,000 കോടി നിക്ഷേപം വേണ്ടിവരുന്ന തുറമുഖത്തിന്റെ രണ്ടും മൂന്നുംഘട്ട നിർമാണവും അദാനി ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. ആഗോളതലത്തിൽ കടൽവഴി ഏറ്റവും കൂടുതൽ ചരക്കുനീക്കം നടക്കുന്ന അന്തർദേശീയ കപ്പൽപ്പാതയുടെ 10 നോട്ടിക്കൽമൈൽ അടുത്ത് സ്‌ഥിതി ചെയ്യുന്ന വിഴിഞ്ഞം തുറമുഖത്തിന് 20 മീറ്റർ സ്വാഭാവിക ആഴമുണ്ട്.

Most Read| തിരിച്ചടി ഭയന്ന് വ്യോമഗതാഗതം തടഞ്ഞ് പാക്കിസ്‌ഥാൻ; വാഗ അതിർത്തിയും അടച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE