ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്‌ഥാനെതിരെ കടുത്ത നടപടികൾ തുടർന്ന് ഇന്ത്യ. പാക്കിസ്‌ഥാനിൽ നിന്നുള്ള എല്ലാത്തരം ഇറക്കുമതിക്കും ഇന്ത്യ വിലക്കേർപ്പെടുത്തി. പാക്കിസ്‌ഥാനിൽ നിന്നുള്ള വസ്‌തുക്കൾ നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രാലയം അറിയിച്ചു.
ദേശീയ സുരക്ഷയെ കരുതിയാണ് തീരുമാനമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ വിജ്‌ഞാപനത്തിൽ പറയുന്നു. സർക്കാരിന്റെ മുൻകൂട്ടിയുള്ള അനുമതി ലഭിക്കുന്ന സാഹചര്യങ്ങളിൽ മാത്രമേ ഇക്കാര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രത്യേക ഇളവുകൾ ലഭിക്കുകയുള്ളൂവെന്നും ഉത്തരവിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഉത്തരവ് എത്രയുംവേഗം നടപ്പിലാക്കുമെന്ന് വിദേശ വാണിജ്യ വകുപ്പ് ഡയറക്‌ടർ ജനറൽ സന്തോഷ് കുമാർ സാരംഗി അറിയിച്ചു.
2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ പാക്കിസ്‌ഥാനിൽ നിന്ന് 4,20,000 ഡോളറിന്റെ ഉൽപ്പന്നങ്ങളാണ് ഇന്ത്യ ഇറക്കുമതി ചെയ്‌തത്. കഴിഞ്ഞവർഷം ഇത് 28.6 കോടി ഡോളറായിരുന്നുവെന്നും വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യത്തെ തുടർന്ന് ഉഭയകക്ഷി വ്യാപാരത്തിൽ കുത്തനെ ഇടിവുണ്ടായിരുന്നു.
ഇന്ത്യയിൽ നിന്ന് പാക്കിസ്‌ഥാനിലേക്കുള്ള കയറ്റുമതിയിലും ഇടിവുണ്ടായി. 2023-24 സാമ്പത്തിക വർഷത്തിൽ 110 കോടി ഡോളറിന്റെ ഉൽപ്പന്നങ്ങൾ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്‌തെങ്കിൽ 2024 ഏപ്രിൽ മുതൽ 2025 ജനുവരി വരെ 44.77 ലക്ഷം ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നത്.
സിന്ധൂനദീജല ഉടമ്പടി റദ്ദാക്കുകയും പാക്കിസ്‌ഥാൻ പൗരർക്ക് വിസ റദ്ദാക്കുകയും ചെയ്‌തതിന് പിന്നാലെയാണ് ഇറക്കുമതിക്കും നിരോധനമേർപ്പെടുത്തുന്നത്. ഇരുരാജ്യങ്ങളും പരസ്‌പരം വ്യോമപാതയും അടച്ചിട്ടുണ്ട്. ഏപ്രിൽ 29ന് ജമ്മു കശ്‌മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്.
Most Read| വില 18 ലക്ഷം മുതൽ ഒരുകോടി വരെ! ഇതാണ് ‘ആഷെറ’ എന്ന ‘പുലിക്കുട്ടി’