തൊടുപുഴ: ഇടുക്കിയിൽ ഇന്ന് വൈകീട്ട് നടക്കുന്ന റാപ്പർ വേടന്റെ പരിപാടിക്ക് നിയന്ത്രണങ്ങളുമായി പോലീസ്. പരമാവധി 8000 പേർക്ക് മാത്രമാണ് സംഗീതനിശയിലേക്ക് പ്രവേശനം അനുവദിക്കുക. കൂടുതൽപ്പേർ എത്തുന്ന സാഹചര്യം ഉണ്ടായാൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
കൂടുതൽപ്പേർ എത്തിയാൽ വേദിയിലേക്കുള്ള റോഡുകൾ ബ്ളോക്ക് ചെയ്യും. അനിയന്ത്രിതമായ സാഹചര്യമുണ്ടായാൽ പരിപാടി റദ്ദാക്കാനും തീരുമാനിച്ചു. പരിപാടിക്ക് വൻ സുരക്ഷാ സന്നാഹവും ഏർപ്പെടുത്തിയിട്ടുണ്ട്. 200ലധികം പോലീസുകാരെയാണ് സ്‌ഥലത്ത് വിന്യസിച്ചിരിക്കുന്നത്.
സംസ്‌ഥാന സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് ഇടുക്കി വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് നടക്കുന്ന ‘എന്റെ കേരളം’ പ്രദർശനത്തിന്റെ ഭാഗമായുള്ള കലാപരിപാടിയിലാണ് ഇന്ന് രാത്രി 7.30ന് വേടൻ പാടുന്നത്. വിവാദങ്ങളിൽ അകപ്പെട്ടതോടെ സർക്കാർ പരിപാടിയിൽ നിന്ന് ഒഴിവാക്കിയ വേടന് ഒടുവിൽ സർക്കാർ തന്നെ വേദിയൊരുക്കുകയായിരുന്നു.
സിപിഎമ്മും സിപിഐയും പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇടുക്കിയിൽ പരിപാടി അവതരിപ്പിക്കാൻ വേടനെ ക്ഷണിച്ചത്. പ്രദർശനത്തിന്റെ ആദ്യ ദിവസമായ കഴിഞ്ഞമാസം 29നാണ് വേടന്റെ പരിപാടി നടത്താൻ നിശ്‌ചയിച്ചിരുന്നത്.
എന്നാൽ, തലേദിവസം കഞ്ചാവുമായി പിടിയിലായി. ഈ കേസിൽ ജാമ്യം ലഭിച്ചിരുന്നു. പിന്നാലെ മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് ആരോപിച്ച് വനംവകുപ്പ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്‌റ്റ് ചെയ്‌തു. ഈ കേസിൽ പിറ്റേന്ന് കോടതിയിൽ നിന്നാണ് വേടന് ജാമ്യം ലഭിച്ചത്.
ഇതോടെ സർക്കാർ പരിപാടി റദ്ദാക്കി. എന്നാൽ, കേസിൽ വേടനെ വനംവകുപ്പ് വേട്ടയാടുകയാണെന്ന് ആരോപിച്ചുണ്ടായ ജനപിന്തുണയും കേസിൽ നിന്ന് വനംവകുപ്പ് പിന്നാക്കം പോയതും പരിപാടിയിലേക്ക് വേടനെ വീണ്ടും ക്ഷണിക്കാൻ കാരണമായി.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ