ന്യൂഡെൽഹി: പഹൽഗാം ആക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനുമായി സംഘർഷഭരിത അന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളോട് മോക്ഡ്രിൽ നടത്താൻ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഏഴിന് മോക്ഡ്രിൽ നടത്താൻ നിരവധി സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയതായാണ് റിപ്പോർട്.
വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകളുടെ പ്രവർത്തനക്ഷമത സംബന്ധിച്ച് മോക്ഡ്രിൽ നടത്തണം. ആക്രമണമുണ്ടായാൽ സ്വയം പരിരക്ഷിക്കുന്നതിനെ കുറിച്ച് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പരിശീലനം നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. അടിയന്തിര ബ്ളാക്ക്ഔട്ട് സംവിധാനങ്ങൾ ഒരുക്കൽ, സുപ്രധാന പ്ളാന്റുകളും സ്ഥാപനങ്ങളും മറയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കൽ, ഒഴിപ്പിക്കൽ പദ്ധതിയും അതിന്റെ പരിശീലനവും നടത്തുക തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.
അതേസമയം, പാക്കിസ്ഥാന് കനത്ത തിരിച്ചടി നൽകാൻ വ്യോമ, നാവിക സേനകൾ സജ്ജമാണെന്നാണ് റിപ്പോർട്. സർക്കാരിന്റെ നിർദ്ദേശം ലഭിച്ചാലുടൻ കനത്ത തിരിച്ചടി നൽകുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞദിവസം വ്യോമസേനാ മേധാവി എയർ മാർഷൽ എപി സിങ്ങും നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു.
ഇരുവരും നടത്തിയ വെവ്വേറെ കൂടിക്കാഴ്ചകളിലാണ് പാക്കിസ്ഥാനെതിരെ സൈനിക നടപടികൾക്ക് സേനാ വിഭാഗങ്ങൾ സജ്ജമാണെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചത്. ഇതിനിടെ, അതിവേഗ ആക്രമണത്തിന് വ്യോമസേന റഫാൽ പോർ വിമാനങ്ങൾ സജ്ജമാക്കിയെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. നാവികസേനയും തിരിച്ചടിക്ക് സജ്ജമായി അറേബ്യൻ കടലിൽ യുദ്ധ കപ്പലുകളും വിന്യസിച്ചിട്ടുണ്ട്.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്റ്റൈൽ, അൽഭുതമെന്ന് സ്കോട്ടിഷ് സഞ്ചാരി








































