ന്യൂഡെൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. കരാർ സംബന്ധിച്ച ചർച്ചകൾ വിജയകരമായി പൂർത്തിയാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. യുകെ പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമറുമായി സംസാരിച്ചുവെന്നും മോദി എക്‌സ് പോസ്‌റ്റിൽ വ്യക്‌തമാക്കി. കരാർ ഒപ്പിടാൻ യുകെ പ്രധാനമന്ത്രി ഇന്ത്യയിലെത്തുമെന്നാണ് വിവരം.
സ്വതന്ത്ര വ്യാപാര കരാറിന് വേണ്ടി ഇരുരാജ്യങ്ങളും തമ്മിൽ വർഷങ്ങളായി നടത്തിയ ചർച്ചകളാണ് പൂർത്തിയായിരിക്കുന്നത്. ”ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനുള്ള ചർച്ചകൾ വിജയകരമായി പൂർത്തിയായി. ഇരുരാജ്യങ്ങൾക്കും പ്രയോജനം ചെയ്യുന്ന കരാറിലൂടെ ബന്ധം മെച്ചപ്പെടും. വ്യാപാരവും തൊഴിലും നിക്ഷേപവും വർധിക്കും”- മോദി എക്‌സ് പോസ്‌റ്റിലൂടെ പറഞ്ഞു.
യുകെയുടെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ കാലത്താണ് വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾ തുടങ്ങിയത്. ഇന്ത്യക്കാരുടെ വിസ, യുകെയിൽ നിന്നുള്ള കാറുകളുടെയും സ്‌കോച്ച് വിസ്‌കിയുടെയും മേലുള്ള നികുതി, കാർബൺ ബഹിർഗമനം, അധികമായി വേണ്ടിവരുന്ന ഉരുക്ക്, വളം എന്നിവയുടെ ഉൽപ്പാദനത്തിന് യുകെ ചുമത്തുന്ന കാർബൺ നികുതി തുടങ്ങിയവയുടെ കാര്യത്തിലുള്ള അനിശ്‌ചിതത്വത്തെ തുടർന്നാണ് ചർച്ചകൾ വഴിമുട്ടിയത്.
ചർച്ചകൾ പൂർത്തിയായി കരാറിലേക്കെത്തിയതിനെ ചരിത്രപരമെന്നാണ് മോദി വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനൊപ്പം പലയിനങ്ങളിലുംപരസ്‌പരം നികുതി കുറയ്‌ക്കുകയും ചെയ്യും. കരാർ പ്രകാരം ഇന്ത്യയിലെ വാഹനവിപണിയിലേക്ക് ബ്രിട്ടീഷ് വാഹന നിർമാതാക്കൾക്ക് സുഗമമായ പ്രവേശനം ലഭിക്കും. മാത്രമല്ല, യുകെയിൽ നിന്നുള്ള വിസ്‌കി, അത്യാധുനിക ഉപകരണങ്ങൾ, ഭക്ഷ്യവിഭവങ്ങൾ എന്നിവയ്‌ക്കും ഇന്ത്യക്ക് നികുതി കുറയും.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി