കൊച്ചി: ഏത് തരത്തിലുള്ള ആക്രമണ സാഹചര്യവും നേരിടാൻ ജനങ്ങളെ തയ്യാറെടുപ്പിക്കിന്റെ ഭാഗമായുള്ള മോക്ഡ്രിൽ ഇന്ന് സംസ്‌ഥാനത്ത് നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരമാണ് മോക്ഡ്രിൽ നടത്തുന്നത്. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തുമാണ് മോക്ഡ്രിൽ നടത്തുക. ദക്ഷിണ നാവിക കമാൻഡിന്റെ ആസ്‌ഥാനം സ്‌ഥിതി ചെയ്യുന്ന കൊച്ചി അതീവ ജാഗ്രതയിലാണ്.
ഇന്ത്യൻ നാവികസേനയുടെ പ്രധാന പരിശീലനകേന്ദ്രം കൂടിയാണ് ഇവിടം എന്നതിനാൽ വളരെ മുന്നേ തന്നെ സുരക്ഷാ കാര്യങ്ങൾ ശക്‌തമാക്കിയിരുന്നു. ജില്ലയിൽ നാലിടത്താണ് ഇന്ന് മോക്ഡ്രിൽ നടത്തുന്നത്. കാക്കനാട് സ്‌ഥിതി ചെയ്യുന്ന കലക്‌ടറേറ്റ്, മറൈൻ ഡ്രൈവ്, കൊച്ചിൻ ഷിപ്പിയാർഡ്, തമ്മനത്തെ ബിസിജി ടവർ എന്നിവിടങ്ങളിലാണ് വൈകീട്ട് നാലുമുതൽ മോക്ഡ്രിൽ നടക്കുക.
ജില്ലാ ദുരന്തനിവാരണ സമിതിയുടെ അധ്യക്ഷൻ കൂടിയായ ജില്ലാ കലക്‌ടറുടെ നേതൃത്വത്തിലാണ് മോക്ഡ്രിൽ നടക്കുക. ജില്ലാ ഫയർ ഓഫീസർ നേതൃത്വം നൽകും. വൈകീട്ട് നാലുമണിക്കാണ് മോക്ഡ്രിൽ ആരംഭിക്കുന്നത്. നാലുമണിമുതൽ 30 സെക്കൻഡ് അലർട് സൈറൺ മൂന്നുവട്ടം ശബ്‌ദിക്കും. 4.28 മുതൽ സുരക്ഷിതം എന്ന സൈറൺ 30 സെക്കൻഡ് മുഴങ്ങും. ഈ സമയത്തിനിടയിലാണ് മോക്ഡ്രിൽ നടക്കുക.
തിരുവനന്തപുരം ജില്ലയിൽ വികാസ് ഭവനിൽ ആണ് മോക്ഡ്രിൽ നടക്കുകയെന്ന് ജില്ലാ ഫയർ ഓഫീസർ എസ്. സൂരജ് അറിയിച്ചു. സൈറൺ മുഴങ്ങിയാൽ വികാസ് ഭവനിലെ ഓഫീസ് സമുച്ചയത്തിൽ നിന്ന് ആളുകളെ സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുകയും ബോധവൽക്കരണം നൽകുകയും ചെയ്യും.
ആക്രമണത്തിന്റെ ഭാഗമായി തീപിടിത്തമോ മറ്റോ ഉണ്ടായാൽ ഏത് തരത്തിൽ ആളുകളെ ഒഴിപ്പിക്കണം, ആശുപത്രിയിലേക്ക് മാറ്റുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങളാണ് മോക്ഡ്രില്ലിന്റെ ഭാഗമായി നടത്തുന്നത്. വിമാനത്താവളം ഉൾപ്പടെ മറ്റ് പ്രധാനപ്പെട്ടയിടങ്ങളിലും എയർ റെയ്‌ഡ് വാണിങ് സംബന്ധിച്ച് നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പ്രകാരം മോക്ഡ്രിൽ നടക്കും.
സൈറൺ കേൾക്കുമ്പോൾ ജനങ്ങൾ പൊതുയിടങ്ങളിൽ കൂടി നടക്കുന്നത് ഒഴിവാക്കണം. വീടുകളിലും ഓഫീസുകളിലും ലൈറ്റുകൾ ഓഫ് ചെയ്‌ത് നിശബ്‌ദരായി ഇരിക്കണമെന്നും അധികൃതർ പറഞ്ഞു. വൈകീട്ട് നാലിനും 4.30നുമിടയിൽ സ്‌പെഷ്യൽ ക്ളാസ്, ട്യൂഷൻ സെന്റർ, കായിക-വിനോദ ക്ളാസുകൾ എന്നിവയിൽ പഠിക്കുന്ന കുട്ടികൾ അതാത് സ്‌ഥാപനങ്ങൾക്ക് ഉള്ളിൽതന്നെ തുടരണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ






































