മലപ്പുറം: ജില്ലയിലെ പൊന്നാനിക്ക് സമീപം പുഴമ്പ്രം ജനവാസ മേഖലയിൽ ആരാധനാലയങ്ങളുടെയും, വിദ്യാലയങ്ങളുടെയും ദൂരപരിധി ലംഘിച്ച്, നിയമത്തെ മറികടന്ന് പ്രവർത്തിക്കുന്ന പുഴമ്പ്രം ജനവാസ മേഖലയിലെ വിദേശ മദ്യഷാപ്പ് അടച്ചുപൂട്ടുക എന്ന ആവശ്യവുമായാണ് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ള്യുഎഫ്) ജനകീയ സമിതി മനുഷ്യ ചങ്ങല സംഘടിപ്പിച്ചത്.
എല്ലാ വിഭാഗം ജനങ്ങളും അണിചേർന്ന മനുഷ്യ ചങ്ങല സംസ്ഥാന മദ്യനിരോധന സമിതി ട്രഷറർ സിദ്ദീഖ് മൗലവി അയിലക്കാടാണ് ഉൽഘാടനം നിർവഹിച്ചത്. ഇന്ത്യൻ ഭരണഘടനയുടെ 47ആം ആർട്ടിക്കിൾ പ്രകാരം സംസ്ഥാനത്തിലെ പൊതുജനാരോഗ്യം മെച്ചപ്പെടുത്താനായി അതത് സംസ്ഥാനങ്ങൾക്ക് മദ്യനിരോധനം നടപ്പിലാക്കാം എന്ന സൗകര്യം നിലനിൽക്കെയാണ് കേരളം നിയമങ്ങൾ ലംഘിച്ച് ആരാധനാലയങ്ങളും, വിദ്യാലയങ്ങളും അടങ്ങിയ ജനവാസ മേഖലയിൽ പോലും വിദേശ മദ്യഷാപ്പുകൾക്ക് ലൈസൻസ് അനുവദിക്കുന്നത്.
1967 ഏപ്രിൽ 26ന് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടാണ് മദ്യനിരോധനം പിൻവലിക്കുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. അന്നുമുതൽ കഴിഞ്ഞ 58 വർഷമായി കേരളത്തിൽ മദ്യനിരോധനം ആവശ്യപ്പെട്ട് രംഗത്തുള്ള സംസ്ഥാന മദ്യനിരോധന സമിതി ഇന്ന് കടുത്ത ആശങ്കയിലാണ്. മദ്യവർജനം പ്രോൽസാഹിപ്പിക്കുമെന്ന വാഗ്ദാനം സർക്കാർ പറയുമ്പോഴും അടിക്കടി മദ്യവിപണനം കൂട്ടിക്കൊണ്ടുവരുന്ന പ്രവർത്തികളാണ് സർക്കാർ ചെയ്യുന്നത്.
1996 ഏപ്രിൽ ഒന്നിന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എകെ ആന്റണി ചാരായ നിരോധനം നടപ്പിലാക്കിയതാണ് മദ്യനിരോധന സമിതിയുടെ പ്രവർത്തനങ്ങളിലെ സുവർണ അദ്ധ്യായം. അന്ന് സംസ്ഥാനത്താകെ 5600 ചാരായഷാപ്പുകളാണ് അടച്ചു പൂട്ടിയത്.

2017ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്ത് മദ്യവർജനം പ്രോൽസാഹിപ്പിക്കുമെന്ന ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അതിനെ ജനങ്ങളെ വഞ്ചിക്കുന്ന വെറും വാഗ്ദാനമായി നിലനിർത്തി, നിയമങ്ങളെ നോക്കുകുത്തിയാക്കിയാണ് കേരളമാകെ മദ്യഷാപ്പുകൾ തുറക്കുന്നത്.
”മുനിസിപ്പൽ ലൈസൻസ് ഇല്ലാതെയാണ് പുഴമ്പ്രം ജനവാസ മേഖലയിൽ മദ്യഷാപ്പ് തുറന്നു പ്രവർത്തിക്കുന്നത്. ഇത് നിയമവിരുദ്ധമാണ്. കൂടാതെ, തിങ്ങിപ്പാർക്കുന്ന ജനവാസമേഖലക്കും ഒപ്പം സമീപ പ്രദേശങ്ങളിലുള്ള ആരാധനാലയങ്ങൾക്കും ഈ മദ്യഷാപ്പ് വെല്ലുവിളിയാണ്. ഭരണത്തിലുള്ള സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുടെ പ്രതിരോധത്തെ പോലും മറികടന്നാണ് ഷാപ്പിന് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ, മുനിസിപ്പാലിറ്റി ലൈസൻസ് നൽകിയിട്ടുമില്ല”- സംസ്ഥാന മദ്യനിരോധന സമിതി ട്രഷറർ സിദ്ദീഖ് മൗലവി അയിലക്കാട് പറഞ്ഞു.

കക്ഷി രാഷ്ട്രീയ, ജാതിമത ഭേദമന്യേ നൂറുകണക്കിന് ആളുകളാണ് പിസിഡബ്ള്യുഎഫ് നേതൃത്വം നൽകിയ മനുഷ്യ ചങ്ങലയിൽ പങ്കെടുത്തത്. പി കോയക്കുട്ടി മാഷ്, സിവി മുഹമ്മദ് നവാസ്, സിപി മുഹമ്മദ് കുഞ്ഞി, ഫർഹാൻ ബിയ്യം, ലത്തീഫ് മാക്ക്, ഹനീഫ മാളിയേക്കൽ, സുബൈർ ടിവി, മുജീബ് കിസമത്ത് തുടങ്ങിയവർ പ്രതിഷേധ പരിപാടിയിൽ സംസാരിച്ചു.
Most Read| എ രാജയ്ക്ക് എംഎൽഎയായി തുടരാം; ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി
Like