ന്യൂഡെൽഹി: ആകാശച്ചുഴിൽ അകപ്പെട്ട ഇന്ത്യൻ വിമാനത്തിന് സഹായം നിഷേധിച്ച് പാക്കിസ്ഥാൻ. ഡെൽഹി-പാക്കിസ്ഥാൻ ഇൻഡിഗോ എയർലൈൻസ് വിമാനമാണ് അപ്രതീക്ഷിതമായി ബുധനാഴ്ച ആകാശച്ചുഴിയിൽ അകപ്പെട്ടത്.
തൊട്ടുപിന്നാലെ പൈലറ്റ് ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് പാക്കിസ്ഥാൻ വ്യോമാതിർത്തി താൽക്കാലികമായി ഉപയോഗിക്കാൻ അനുമതി തേടി. അതുവഴി പ്രതികൂല കാലാവസ്ഥ ഒഴിവാക്കാൻ കഴിയുമായിരുന്നു. എന്നാൽ, ഈ അപേക്ഷ നിരസിക്കപ്പെട്ടുവെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട് ചെയ്യുന്നത്.
അനുമതി നിഷേധിച്ചതോടെ പൈലറ്റ് പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് നിശ്ചയിച്ച പാതയിലൂടെ തന്നെ യാത്ര തുടരുകയായിരുന്നു. 227 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ശക്തമായ ആലിപ്പഴ പെയ്ത്തും വിമാനത്തെ പ്രതിസന്ധിയിലാക്കിയെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു. വിമാനത്തിലെ ജീവനക്കാർ കൃത്യമായ പ്രോട്ടോകോൾ പാലിച്ചിരുന്നു.
വിമാനം ആവശ്യമായ പരിശോധനയ്ക്കും അറ്റകുറ്റപ്പണികൾക്കും വിധേയമാക്കിയിരിക്കുകയാണ്. വിമാനം ശക്തമായി കുലുങ്ങിയപ്പോൾ യാത്രക്കാർ നിലവിളിക്കുകയും കരയുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തങ്ങൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും ക്യാപ്റ്റനും ക്യാബിൻ ക്രൂവിനും പ്രത്യേക നന്ദിയെന്നുമാണ് വീഡിയോ എക്സിൽ പോസ്റ്റ് ചെയ്ത് യാത്രക്കാർ കുറിച്ചത്.
Most Read| ദേശീയപാത; കൂടുതൽ നടപടിക്ക് സാധ്യത? അടിയന്തിര യോഗം വിളിച്ച് നിതിൻ ഗഡ്കരി