തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം 273 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കോട്ടയം ജില്ലയിൽ 82, തിരുവനന്തപുരം-73, എറണാകുളം-49, പത്തനംതിട്ട-30, തൃശൂർ- 26. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകൾ വലിയതോതിൽ റിപ്പോർട് ചെയ്യുന്നതിനാൽ ജില്ലകൾ നിരീക്ഷണം ശക്‌തമാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.
കോവിഡ് കേസുകൾ വർധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ജില്ലകൾ കൃത്യമായി കോവിഡ് കേസുകൾ റിപ്പോർട് ചെയ്യണമെന്നും മന്ത്രി നിർദ്ദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും ജില്ലാ സർവൈലൻസ് ഓഫീസർമാരുടെയും യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.
സംസ്‌ഥാനത്ത് രോഗലക്ഷണം ഉള്ളവർ കോവിഡ് പരിശോധന നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആർടിപിസിആർ കിറ്റുകളും മറ്റ് സുരക്ഷാ ഉപകരണങ്ങളും ഉറപ്പാക്കാനും നിർദ്ദേശം നൽകി. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളിൽ മാസ്‌ക് നിർബന്ധമാണ്.
കോളറ, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധിക്കണം. കുടിവെള്ളം മലിനമാക്കുന്നവർക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം നടപടി സ്വീകരിക്കണം. ദക്ഷിണ പൂർവേഷ്യൻ രാജ്യങ്ങളിൽ പകരുന്ന ഒമൈക്രോൺ ജെഎൻ 1 വകഭേദങ്ങളായ എൽഎഫ് 7, എൻബി 1.8 എന്നിവയ്‌ക്ക് രോഗവ്യാപനശേഷി കൂടുതലാണ്. എന്നാൽ, തീവ്രത കൂടുതലല്ല. സ്വയം പ്രതിരോധം പ്രധാനമാണെന്നും മന്ത്രി ഓർമിപ്പിച്ചു.
Most Read| ‘കുപ്രസിദ്ധ ഭീകരവാദികളെല്ലാം പാക്കിസ്‌ഥാനിൽ, ഭരണകൂടത്തിന് അറിയില്ലെന്ന് പറയുന്നത് തെറ്റ്’