മലപ്പുറം: നിർമാണത്തിലിരിക്കുന്ന മലപ്പുറം കൂരിയാട് ദേശീയപാതയുടെ സംരക്ഷണ ഭിത്തി വീണ്ടും തകർന്നു. ആറുവരിപ്പാതയുടെ പാർശ്വഭിത്തി ഇടിഞ്ഞ് വീണു. നേരത്തെ തകർന്ന ഭാഗത്തിന് ഏതാനും മീറ്ററുകൾക്ക് സമീപമാണ് സംരക്ഷണ ഭിത്തി തകർന്നത്.
ഇതുവഴിയുള്ള ഗതാഗതം നേരത്തെ തന്നെ പൂർണമായി നിരോധിച്ചിരുന്നു. കനത്ത മഴയിൽ സംരക്ഷണ ഭിത്തിയുടെ ഒരുഭാഗം പൂർണമായും പൊളിഞ്ഞ് സർവീസ് റോഡിലേക്ക് പതിക്കുകയായിരുന്നു. സിമന്റ് കട്ടകളാണ് തകർന്ന് വീണത്. പ്രദേശത്തെ കൂടുതൽ സ്ഥലങ്ങളിൽ സർവീസ് റോഡിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്.
മഴ ശക്തമായാൽ വെള്ളം നിറഞ്ഞുകവിയുന്ന കൂരിയാട്ടെ വയലിലൂടെയാണ് തകർന്ന ആറുവരിപ്പാത കടന്നുപോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്തതോടെ വയലിൽ വെള്ളമുയർന്നിട്ടുണ്ട്. മഴക്കാലത്ത് നിറയെ വെള്ളം നിൽക്കുന്ന വയലിൽ ശാസ്ത്രീയ പഠനങ്ങളൊന്നും നടത്താതെ ഉയരത്തിൽ മണ്ണിട്ട് ഉയർത്തി ആറുവരിപ്പാത നിർമിച്ചത് വലിയ പിഴവാണെന്ന് നിർമാണ സമയത്ത് തന്നെ സൂചിപ്പിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
ഇത്തരത്തിൽ വയലിൽ ഉയർത്തിയ റോഡ് താഴ്ന്നതാണ് കൂരിയാട്ട് റോഡ് തകരാനിടയാക്കിയത്. നിലവിലെ ആറുവരിപ്പാത മാറ്റി പൈലിങ് നടത്തി തൂണുകൾ സ്ഥാപിച്ച് പാലം നിർമിക്കണമെന്നാണ് ജനപ്രതിനികൾ, സമരസമിതി, നാട്ടുകാർ തുടങ്ങിയവർ ആവശ്യപ്പെടുന്നത്. ഈ മാസം 19നാണ് കൂരിയാട് ദേശീയപാത 66ന്റെ ഭാഗം ഇടിഞ്ഞുതാണത്. ദേശീയപാത ഇടിഞ്ഞ് സർവീസ് റോഡിലേക്ക് വീഴുകയും സർവീസ് റോഡ് അടക്കം തകരുകയും ചെയ്തിരുന്നു.
ഇതോടെ കേരളത്തിലെ ദേശീയപാത നിർമിച്ചതിലെ വീഴ്ചകൾ പരിശോധിക്കാൻ കേന്ദ്ര സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഡെൽഹി ഐഐടി പ്രഫസർ കെആർ റാവുവിന്റെ നേതൃത്വത്തിലാണ് സമിതി. നിർമാണത്തിൽ അപാകത ഉണ്ടായോ, ഉദ്യോഗസ്ഥ വീഴ്ചയുണ്ടായോ തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിക്കുക.
Most Read| ‘ട്രംപിന് നന്ദി, തന്റെ സമയം അവസാനിക്കുന്നു’; ഡോജിൽ നിന്ന് പടിയിറങ്ങി ഇലോൺ മസ്ക്