ന്യൂഡെൽഹി: ചാരപ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ മൊബൈൽ സിം കാർഡുകൾ പാക്കിസ്‌ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്‌ഥർക്ക് എത്തിച്ചുനൽകിയെന്ന് സംശയിക്കപ്പെടുന്നയാൾ അറസ്‌റ്റിൽ. 34-കാരനായ കാസിമിനെയാണ് ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ഇയാൾ 2024 ഓഗസ്‌റ്റിലും 2025 മാർച്ചിലും പാക്കിസ്‌ഥാനിലേക്ക് പോയി ഏകദേശം 90 ദിവസം താമസിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സമയത്ത് ഇയാൾ പാക്കിസ്‌ഥാൻ ചാര ഏജൻസിയായ ഇന്റർ- സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തിയതായും സംശയിക്കുന്നുണ്ടെന്ന് ഡെൽഹി പോലീസ് പറഞ്ഞു.
ഇന്ത്യൻ സൈന്യത്തെയും സർക്കാർ സ്‌ഥാപനങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് പാക്കിസ്‌ഥാൻ ഇന്റലിജൻസ് ഉദ്യോഗസ്‌ഥർ ഇന്ത്യൻ മൊബൈൽ നമ്പറുകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് വിവരങ്ങൾ ലഭിച്ചിരുന്നു. മൊബൈൽ സിം കാർഡുകൾ ഇന്ത്യയിൽ നിന്ന് വാങ്ങിയതാണ്. ഇന്ത്യൻ പൗരൻമാരുടെ സഹായത്തോടെ മാത്രമേ ഇത് അതിർത്തിക്കപ്പുറത്തേക്ക് കടത്താനാകൂവെന്നും പോലീസ് പറഞ്ഞു. കാസിമിനെ റിമാൻഡ് ചെയ്‌തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!