തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിൽ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിൽ ജൂൺ രണ്ടിന് തന്നെ സ്കൂളുകൾ തുറക്കാനാണ് തീരുമാനം. ഇന്നത്തെയും നാളത്തെയും കാലാവസ്ഥ നോക്കിയശേഷം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീയതിയിൽ മാറ്റം വേണോ എന്ന കാര്യം തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.
അതേസമയം, ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തെ കുറിച്ചും മന്ത്രി പ്രതികരിച്ചു. ചില അധ്യാപക സംഘടനകൾ തന്നെയാണ് ഇതിന് ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് മന്ത്രി പറഞ്ഞു. ആദ്യം 110 ദിവസവും, 120 ദിവസവും തീരുമാനിച്ചിരുന്നു. അത് കൂടിപ്പോയെന്ന് പറഞ്ഞ് കേസ് കൊടുത്തത് അധ്യാപക സംഘടനകൾ ആണ്.
പിന്നാലെ കോടതിയുടെ നിർദ്ദേശപ്രകാരം കമ്മീഷനെ നിയോഗിക്കുകയായിരുന്നു. ആ കമ്മീഷൻ നൽകിയ റിപ്പോർട് ആണ് ഇന്നലെ പൊതു വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. ആ റിപ്പോർട്ടിൽ പറഞ്ഞതനുസരിച്ച് സമയം ക്രമീകരിക്കാനാണ് രാവിലെയും വൈകീട്ടും അധികസമയം കൂട്ടിച്ചേർത്തതെന്നും മന്ത്രി പറഞ്ഞു.
എൽപിയും യുപിയും ഹൈസ്കൂളും ഒരുമിച്ചുള്ള സ്കൂളുകളിൽ സമയക്രമത്തിൽ പ്രായോഗികമായി എന്ത് ചെയ്യാൻ കഴിയും എന്ന് ആലോചിക്കണം. റിപ്പോർട് നൽകിയവരുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
പുതിയ അധ്യയനവർഷം മുതൽ സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ഹൈസ്കൂളുകളിൽ അര മണിക്കൂർ പ്രവൃത്തി സമയം കൂട്ടാൻ തീരുമാനിച്ചിരുന്നു. രാവിലെയും വൈകീട്ടുമായി 15 മിനിറ്റ് വീതമാണ് കൂട്ടുക. ഇതോടെ പുതിയ പ്രവൃത്തി സമയം രാവിലെ 9.45 മുതൽ വൈകീട്ട് 4.15 വരെയാകും. ഒപ്പം തുടർച്ചയായി ആറ് പ്രവൃത്തി ദിനങ്ങൾ വരാത്തവിധം ഏഴ് ശനിയാഴ്ചകളിൽ കൂടി ക്ളാസ് ഉണ്ടാകും. ആകെ 205 പ്രവൃത്തി ദിനങ്ങളാകും.
യുപി ക്ളാസുകളിൽ തുടർച്ചയായി ആറ് പ്രവൃത്തി ദിനങ്ങൾ വരാത്തവിധം രണ്ട് ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 200 പ്രവൃത്തി ദിനമാക്കി. എൽപി ക്ളാസുകളിൽ പൊതു അവധികളും ശനിയാഴ്ചകളും ഒഴികെ 198 പ്രവൃത്തി ദിനങ്ങളാണുള്ളത്. ഹൈസ്കൂളുകളിൽ 1200 മണിക്കൂർ പഠനസമയം നിർദ്ദേശിക്കുന്ന സാഹചര്യത്തിലാണ് ഏഴ് അധിക പ്രവൃത്തി ദിനങ്ങൾക്കൊപ്പം ദിവസവും അരമണിക്കൂർ കൂട്ടാൻ തീരുമാനിച്ചത്.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!