ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ ആർച്ച് പാലം എന്ന വിശേഷണമുള്ള ചെനാബ് പാലത്തിൽ കൂടിയുള്ള ആദ്യ തീവണ്ടി ഓട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഓഫ് ചെയ്തു. ജമ്മു കശ്മീരിലെ റാസി ജില്ലയിലെ ബക്കലിനും കൗരിക്കുമിടയിൽ ചെനാബ് നദിക്ക് കുറുകെയാണ് പാലം നിർമിച്ചിരിക്കുന്നത്. കമാനത്തിന് 467 മീറ്റർ നീളമുള്ള പാലം നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
കശ്മീർ താഴ്വരയെ വിശാലമായ ഇന്ത്യൻ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 272 കിലോമീറ്റർ നീളമുള്ള ഉധംപൂർ- ശ്രീനഗർ- ബാരാമുള്ള റെയിൽ ലിങ്ക് പദ്ധതിയിലെ സുപ്രധാന ചുവടുവെയ്പ്പാണ് ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ മേൽപ്പാലം.
പാരിസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുണ്ട്. പാലത്തിന്റെ ആകെ നീളം 1315 മീറ്ററാണ്. മണിക്കൂറിൽ 260 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനെ പ്രതിരോധിക്കാനാകും. ഭൂകമ്പത്തെ ചെറുക്കും. ഭീകരാക്രമണത്തെ ചെറുക്കാൻ ബ്ളാസ്റ്റ് പ്രൂഫ് സ്റ്റീൽ ഉപയോഗിച്ചിട്ടുണ്ട്. 120 വർഷത്തെ ആയുസാണ് പാലത്തിന് നിശ്ചയിച്ചിരിക്കുന്നത്. തീവണ്ടികൾ 100 കിലോമീറ്റർ വേഗത്തിൽ ഓടിക്കാം.
രണ്ട് പ്രത്യേക വന്ദേഭാരതുകൾ ആഴ്ചയിൽ ആറുദിവസം നാല് സർവീസുകൾ വീതം നടത്തും. ജമ്മുതാവിയിൽ നിന്ന് കയറിയാൽ നാലര മണിക്കൂർ കൊണ്ട് ശ്രീനഗറിൽ എത്താം. കത്രയിലേക്കുള്ള പാതയിലാണ് ഈ പാലം. വൈഷ്ണോദേവി ക്ഷേത്രം ഉൾപ്പെടുന്ന കത്ര പ്രദേശത്തേക്ക് ദിവസവും ഒട്ടേറെ ഭക്തർ എത്തുന്നുണ്ട്. ഇതുവരെ കാൽനടയായോ ബോട്ടുമാർഗം മാത്രമോ പോകാവുന്ന സ്ഥലത്തേക്കാണ് ഇനി തീവണ്ടിയെത്തുക.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്റ്റൈൽ, അൽഭുതമെന്ന് സ്കോട്ടിഷ് സഞ്ചാരി







































