ന്യൂഡെൽഹി: ജി-7 ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി. ഈ മാസം 15 മുതൽ 17 വരെയാണ് കാനഡയിൽ ജി-7 ഉച്ചകോടി നടക്കുന്നത്. മാർക്ക് കാർണി തന്നെ ഫോണിൽ വിളിച്ച് ക്ഷണിച്ച വിവരം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് എക്സിൽ പങ്കുവെച്ചത്. ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ കാനഡ ശ്രമിക്കുന്നതായാണ് ഇതിലൂടെ വ്യക്തമാകുന്നത്.
”കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ഫോണിൽ വിളിച്ചതിൽ സന്തോഷം. അടുത്തിടെ നടന്ന തിരഞ്ഞെടുപ്പ് വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ഈ മാസം അവസാനം കാനഡയിലെ കനാനസ്കീസിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ക്ഷണിച്ചതിന് നന്ദി പറയുകയും ചെയ്തു. പരസ്പര ബഹുമാനവും സമാന താൽപര്യങ്ങളും വഴിയുള്ള വർധിത വീര്യത്തോടെ ഇന്ത്യയും കാനഡയും ഒരുമിച്ച് പ്രവർത്തിക്കും. ഉച്ചകോടിയിൽ ഞങ്ങളുടെ കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുന്നു”- മോദി എക്സിൽ കുറിച്ചു.
കാനഡ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ കാലത്താണ് ഇന്ത്യ-കാനഡ ബന്ധം വഷളായത്. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പരാമർശത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായത്. എന്നാൽ, ഈ ആരോപണം ഇന്ത്യ തള്ളിയിരുന്നു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!