തിരുവനന്തപുരം: മകളും ഇൻഫ്ളുവൻസറുമായ ദിയ കൃഷ്‌ണയുടെ സ്‌ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന വനിതാ ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ പ്രതികരിച്ച് നടനും ബിജെപി നേതാവുമായ ജി കൃഷ്‌ണകുമാർ. പരാതി വ്യാജമാണെന്നാണ് കൃഷ്‌ണകുമാറിന്റെ പ്രതികരണം.
ക്യൂ ആർ കോഡിൽ കൃത്രിമം കാട്ടി പണം തട്ടിയെന്ന ആരോപണം ഉന്നയിച്ച് ദിയ കൃഷ്‌ണയുടെ കവടിയാറിലെ സ്‌ഥാപനത്തിലെ മൂന്ന് ജീവനക്കാർക്കെതിരെ പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണ് ജീവനക്കാർ തന്റെ കുടുംബത്തിനെതിരെ പരാതി നൽകിയത്. ദിയയാണ് ഫാൻസി ആഭരണങ്ങളുടെ ബിസിനസ് നടത്തുന്നത്. ‘ഓഹ് ബൈ ഓസി’ എന്ന പേരിലാണ് സ്‌ഥാപനം.
നന്നായി പോകുന്ന സ്‌ഥാപനമാണ്. ദിയ ഗർഭിണി ആയതോടെ എന്നും അവിടെ പോയി ഇരിക്കാൻ പറ്റുന്ന അവസ്‌ഥ ആയിരുന്നില്ല. കടയിൽ മൂന്ന് കുട്ടികളുണ്ട്. വിശ്വസ്‌തരായി എന്നും കൂടെ നിന്ന് വർക്ക് ചെയ്യുന്നവരാണ്. എന്നും വിളിക്കുന്നു, അങ്ങനെ എല്ലാം ഉണ്ട്. എന്നാൽ, അവിടെ സംഭവിച്ചത് എന്താണെന്ന് വച്ചാൽ കടയിൽ വരുന്നവരോട് ക്യൂ ആർ കോഡ് പ്രവർത്തിക്കുന്നില്ലെന്ന് പറയും. എന്നിട്ട് അവരുടെ ഫോണിലെ ക്യൂ ആർ കോഡ് കാണിക്കും. ഇതെല്ലാം കടയിലെ സിസിടിവി ക്യാമറയിൽ നിന്ന് എടുത്ത് പോലീസിന് നൽകിയിട്ടുണ്ട്.
ദിയയുടെ ഒരു സുഹൃത്ത് അവിടെ പോയി സാധനം വാങ്ങിയപ്പോഴും അവർ ഇങ്ങനെ ചെയ്‌തു. ആ കുട്ടി ദിയയെ വിളിച്ചു പണം കിട്ടിയോ എന്ന് ചോദിച്ചു. അപ്പോൾ പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ മനസിലാകുന്നത്. ഇത് ചോദ്യം ചെയ്‌തപ്പോൾ അവർ ജോലി ഉപേക്ഷിച്ചു പോയി. പിന്നീട് അവരെ വിളിച്ചു പൈസ നഷ്‌ടപ്പെട്ട വിവരം മനസിലായിട്ടുണ്ടെന്ന് പറഞ്ഞു. പോലീസിൽ പോവുകയാണെന്നും പറഞ്ഞു.
അവർ അടുത്ത ദിവസം ദിയയുടെ ഫ്‌ളാറ്റിന് താഴെ വന്ന് സംസാരിച്ചു. പൈസ തട്ടിയെടുത്തതായി അവർ സമ്മതിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ 69 ലക്ഷം രൂപ ക്യൂആർ കോഡ് വഴി മാത്രം അവർ തട്ടിയെടുത്തതായി മനസിലായി. ക്യാഷ്, സ്‌റ്റോക്ക് തുടങ്ങിയവയിലുള്ള കൃത്രിമം വേറെ. ഇത് കഴിഞ്ഞപ്പോൾ അവർ പറഞ്ഞു, പൈസ കുറച്ചു തരാം എന്ന്. അങ്ങനെ 8,82,000 രൂപ തന്നു. ഇതിന്റെ വീഡിയോ സഹിതം ഞങ്ങളുടെ കൈയിലുണ്ട്.
ഇതിന് ശേഷം ആ പെൺകുട്ടികളിൽ ഒരാളുടെ ഭർത്താവ് ദിയയെ വിളിച്ചു ഭീഷണിപ്പെടുത്തി. പരാതി പിൻവലിച്ചില്ലെങ്കിൽ പൈസ തരാൻ പറ്റില്ലെന്ന് പറഞ്ഞു. അടുത്ത ദിവസം തന്നെ ഞങ്ങൾ പരാതി കൊടുത്തു. അതിന്റെ അടുത്ത ദിവസമാണ് അവർ ഒരു കൗണ്ടർ കേസ് കൊടുത്തത്. അവരെയും ഭർത്താക്കൻമാരെയും ഞങ്ങൾ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ഇടിച്ചു പൈസ വാങ്ങിയെന്ന് പറഞ്ഞാണ് പരാതി കൊടുത്തത്.
രണ്ടു ദിവസമായി പോലീസ് ഇവിടെ വന്ന് എല്ലാം പരിശോധിക്കുന്നുണ്ട്. പക്ഷേ, അവർ കൊടുത്ത കൗണ്ടർ കേസിൽ ഞങ്ങൾ ആറുപേർക്കെതിരെ ജാമ്യമില്ലാ വാറണ്ട് ഇഷ്യൂ ചെയ്‌തിരിക്കുകയാണ്. ഞങ്ങൾ നിയമം അനുസരിച്ചു ജീവിക്കുന്നവരാണ്. ഞാൻ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്ന് ഉചിതമായ നടപടി ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ഞങ്ങൾ ഇരിക്കുന്നതെന്നും കൃഷ്‌ണകുമാർ വ്യക്‌തമാക്കി.
ദിയയുടെ സ്‌ഥാപനത്തിലെ ജീവനക്കാരികളുടെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കൃഷ്‌ണകുമാറിനും ഭാര്യയ്‌ക്കും മക്കൾക്കുമെതിരെ തട്ടിക്കൊണ്ടുപോകലിന് മ്യൂസിയം പോലീസ് കേസെടുത്തിരിക്കുന്നത്.
Most Read| അത്‌ഭുതമായി ചെനാബ് റെയിൽവേ ആർച്ച് പാലം; പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു








































