തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന് ഇന്ന് ചരിത്രനിമിഷം. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലിൽ ഒന്നായ എംഎസ്‌സി ഐറിന വിഴിഞ്ഞത്തെത്തി. രാവിലെ എട്ടുമണിക്കാണ് കപ്പൽ വിഴിഞ്ഞത്തെത്തിയത്. 16,000 കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. 3000-5000 കണ്ടെയ്‌നറുകൾ വിഴിഞ്ഞത്തിറക്കുമെന്നാണ് സൂചന.
സിംഗപ്പൂരിൽ നിന്നെത്തിയ കപ്പലിന് വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരണമൊരുക്കിയത്. മറ്റ് ദക്ഷിണേന്ത്യൻ തുറമുഖങ്ങളിലൊന്നും ഈ കപ്പൽ ഇതുവരെ നങ്കൂരമിട്ടിട്ടില്ല എന്നതും വിഴിഞ്ഞത്തെ വ്യത്യസ്‌തമാക്കുന്നു. എംഎസ്‌സി ഐറിനയുടെ ക്യാപ്‌റ്റൻ തൃശൂർ പുറനാട്ടുകര സ്വദേശി വില്ലി ആന്റണിയാണ്. കപ്പൽ രണ്ടുദിവസം ഇവിടെ തുടരുമെന്നാണ് നിലവിലെ വിവരം.
വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ലോകത്തെ വമ്പൻ ചരക്കുകപ്പലിന്റെ കപ്പിത്താനായും ആ കപ്പലിനെ ഇവിടെ അടുപ്പിക്കാനും അവസരം ലഭിച്ചത് മലയാളി എന്ന നിലയിൽ അഭിമാനത്തിന് പുറമെ ഭാഗ്യം കൂടിയായി താൻ കാണുന്നതായി ക്യാപ്‌റ്റൻ വില്ലി ആന്റണി പറഞ്ഞു.
താനുൾപ്പടെ 35 പേരാണ് കപ്പലിലുള്ളത്. വിഴിഞ്ഞത്തിന്റെ സൗന്ദര്യം തൃശൂരുകാരനായ എന്നെയും സ്വാധീനിച്ചുവെന്ന് വില്ലി ആന്റണി പറഞ്ഞു. 29 വർഷത്തെ മറൈൻ പരിചയമുള്ള വില്ലി ആന്റണി, 14 വർഷമായി എംഎസ്‌സി കമ്പനിയിലെ കപ്പൽ അമരക്കാരനാണ്.
ഫിഫ അംഗീകാരമുള്ള നാല് ഫുട്‍ബോൾ സ്‌റ്റേഡിയത്തിനേക്കാൾ വലിപ്പമുണ്ട് കപ്പലിന്. 24,346 ടിഇയു (ട്വിന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്- 20 അടി നീളമുള്ള കണ്ടെയ്‌നറിനെയാണ് ഒരു ടിഇയു ആയി കണക്കാക്കുന്നത്) വഹിക്കാൻ കഴിയും. 399.9 മീറ്റർ നീളവും 61.3 മീറ്റർ വീതിയുമുണ്ട്. 2023ലാണ് ഐറിന പ്രവർത്തനം ആരംഭിച്ചത്.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി








































