കോഴിക്കോട്: കേരള സമുദ്രാതിർത്തിയിൽ തീപിടിച്ച ചരക്കുകപ്പലിൽ ഉണ്ടായിരുന്ന നാലുപേരെ ഇനിയും കണ്ടെത്താനായില്ല. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. രക്ഷപ്പെട്ട 18 പേരിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കണ്ണൂർ അഴീക്കൽ തുറമുഖത്ത് നിന്ന് 44 നോട്ടിക്കൽ മൈൽ ദൂരത്താണ് ചരക്കുകപ്പലിന് തീപിടിച്ചത്. കപ്പലിന് പൂർണമായും തീപിടിച്ചു.
മംഗളൂരുവിൽ നിന്നും ബേപ്പൂരിൽ നിന്നും രണ്ടുവീതം കപ്പലുകളാണ് അപകടം നടന്ന സ്‌ഥലത്തേക്ക് പോയത്. മംഗളൂരുവിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് പോയ കപ്പലിൽ ഡോക്‌ടർമാർ ഉൾപ്പടെ ചികിൽസ നൽകുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ഉണ്ടെന്ന് അഴീക്കൽ പോർട്ട് ഓഫീസർ അരുൺ കുമാർ പറഞ്ഞു. ബേപ്പൂർ തുറമുഖം ചെറുതായതിനാൽ കപ്പൽ അവിടേക്ക് അടുപ്പിക്കാൻ സാധിക്കില്ല.
അതിനാൽ മംഗളൂരുവിലേക്ക് തന്നെയായിരിക്കും ഈ കപ്പൽ തിരിച്ചുവരിക. സാരമായി പരിക്കേറ്റവരെ ഈ കപ്പലിലേക്ക് മാറ്റും. അപകട സ്‌ഥലത്ത് നിന്ന് മംഗളൂരുവിലെത്താൻ ഏകദേശം അഞ്ചുമണിക്കൂർ വേണ്ടി വരും. കപ്പൽ ജീവനക്കാരിൽ ഏറെയും തായ്‌വാൻ സ്വദേശികളാണെന്നാണ് വിവരം. ഇന്ത്യൻ കോസ്‌റ്റ് ഗാർഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. മൂന്ന് ഡോണിയർ വിമാനങ്ങളും അഞ്ചു കപ്പലുകളുമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. വൈകീട്ട് ആറുമണിക്ക് മുൻപ് കപ്പലുകൾ തീപിടിച്ച കപ്പലിന് സമീപത്തെത്തി.
20 കണ്ടെയ്‌നറുകൾ കടലിൽ വീണതായാണ് വിവരം. സിംഗപ്പൂർ പതാക വഹിക്കുന്ന വാൻ ഹായ് 503 എന്ന കപ്പലിനാണ് ഇന്ന് രാവിലെ ഒമ്പതരയോടെ തീപിടിച്ചത്. 20 വർഷം പഴക്കമുള്ള കപ്പലിന് 270 മീറ്റർ നീളമുണ്ട്. ഏഴാം തീയതി കൊളംബോയിൽ നിന്ന് പുറപ്പെട്ട കപ്പൽ പത്തിന് രാവിലെ ഒമ്പതരയോടെ മുംബൈയിൽ ജവഹർലാൽ നെഹ്‌റു തുറമുഖത്ത് എത്തേണ്ടതായിരുന്നു. കപ്പലിൽ 650ഓളം കണ്ടെയ്‌നറുകൾ ഉണ്ടെന്നാണ് സൂചന.
Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ







































