ന്യൂഡെൽഹി: ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ള ഉൾപ്പെട്ട ബഹിരാകാശ ദൗത്യം ആക്‌സിയോം-4 വിക്ഷേപണം വീണ്ടും മാറ്റി. മോശം കാലാവസ്‌ഥ കാരണമാണ് വിക്ഷേപണം മാറ്റിയത്. ഇന്ത്യൻ സമയം ചൊവ്വാഴ്‌ച വൈകീട്ട് 5.55ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം ബുധനാഴ്‌ച വൈകീട്ട് 5.30 ലേക്കാണ് മാറ്റിയത്.
ഐഎസ്ആർഒ ചെയർമാൻ ഡോ. വി നാരായണനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ പലതവണ ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിയിരുന്നു. മേയ് 29നായിരുന്നു യഥാർഥത്തിൽ വിക്ഷേപണം നടത്താൻ നിശ്‌ചയിച്ചിരുന്നത്. സാങ്കേതിക കാരണങ്ങളാൽ അത് ജൂൺ എട്ടിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ, തയ്യാറെടുപ്പുകൾക്കായി കൂടുതൽ സമയം ആവശ്യമായതിനാൽ വിക്ഷേപണം ജൂൺ പത്തിലേക്ക് മാറ്റി.
ദൗത്യം പൂർത്തിയായാൽ, രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ, അല്ലെങ്കിൽ ഇസ്രോ അംഗം എന്ന നേട്ടം ശുഭാംശു ശുക്ളയുടെ പേരിലാകും. കമാൻഡറായ യുഎസ് ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്‌സണടക്കം മൂന്നുപേർ കൂടി ദൗത്യത്തിന്റെ ഭാഗമാകും.
കൃഷി, ഭക്ഷണം, ജീവശാസ്‌ത്രം എന്നീ മേഖലകളിൽ ശുക്ള ഏഴ് പരീക്ഷണങ്ങൾ നടത്തും. ഗഗൻയാൻ, ഭാരതീയ അന്തരീക്ഷ സ്‌റ്റേഷൻ ദൗത്യങ്ങൾക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി ഹ്യൂമൻ സ്‌പേസ് മിഷനുകളിൽ വൈദഗ്‌ധ്യം നേടാനുള്ള അവസരമായി എഐഎസ്ആർ ഈ ദൗത്യത്തെ ഉപയോഗിക്കുന്നു.
Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!








































