രഞ്‌ജിതയ്‌ക്കെതിരെ അധിക്ഷേപ പരാമർശം; ഡെപ്യൂട്ടി തഹസിൽദാർ അറസ്‌റ്റിൽ

ലൈംഗിക ചുവയുള്ള സംസാരം, അതിക്രമം, വാക്കു കൊണ്ടോ നോട്ടം കൊണ്ടോ സ്‌ത്രീത്വത്തെ അപമാനിക്കൽ, ജാതീയമായി ആക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.

By Senior Reporter, Malabar News
A Pavithran
എ പവിത്രൻ, രഞ്‌ജിത
Ajwa Travels

കാഞ്ഞങ്ങാട്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്‌ജിതയ്‌ക്കെതിരെ സാമൂഹിക മാദ്ധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രൻ അറസ്‌റ്റിൽ. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്.

പവിത്രൻ ഓഫീസിൽ എത്തിയത് മദ്യപിച്ചാണെന്ന് തെളിഞ്ഞു. ലൈംഗിക ചുവയുള്ള സംസാരം, അതിക്രമം, വാക്കു കൊണ്ടോ നോട്ടം കൊണ്ടോ സ്‌ത്രീത്വത്തെ അപമാനിക്കൽ, ജാതീയമായി ആക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണിത്. അതിനിടെ, പവിത്രൻ സർവീസിൽ തുടരാൻ പ്രാപ്‌തനല്ലെന്നും കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കലക്‌ടർ സർക്കാരിന് ശുപാർശ നൽകിയിരുന്നു.

പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്ന് സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്‌റ്റിലും കമന്റിലുമാണ് പവിത്രൻ രഞ്‌ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്. കമന്റിൽ അശ്ളീലവും സ്‌ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും ഉണ്ടായിരുന്നു. വിവാദമായതോടെ പോസ്‌റ്റ് നീക്കം ചെയ്‌തു. ജാതീയമായി അധിക്ഷേപിച്ചാണ് പവിത്രൻ ആദ്യം രഞ്‌ജിതയ്‌ക്കെതിരെയുള്ള പോസ്‌റ്റ് പങ്കുവെച്ചത്.

പിന്നാലെ കുറിച്ച കമന്റിൽ അശ്‌ളീല ചുവയുള്ള വാക്കുകളുമുണ്ടായിരുന്നു. പോസ്‌റ്റ് വിവാദമായതിന് പിന്നാലെ ഒട്ടേറെപ്പേർ മുഖ്യമന്ത്രിക്ക് ഓൺലൈനായി പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കാസർഗോഡ് ജില്ലാ കലക്‌ടർ കെ. ഇമ്പശേഖരൻ ഇയാളെ സസ്‌പെൻഡ് ചെയ്‌ത്‌ ഉത്തരവിറക്കിയിരുന്നു. കേരള സർക്കാർ ജോലിയിൽ നിന്ന് ലീവെടുത്ത് വിദേശത്തേക്ക് പോയതുകൊണ്ടാണ് അപകടത്തിൽ രഞ്‌ജിത മരിക്കാനിടയായത് എന്നാണ് സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ചോരു പോസ്‌റ്റിൽ ഇയാൾ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.

രഞ്‌ജിതയുടെ പടത്തിന് ആദരാഞ്‌ജലികൾ എന്നെഴുതി പങ്കുവെച്ച മറ്റൊരു പോസ്‌റ്റിൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടേയെന്നും ഇയാൾ കളിയാക്കുന്ന രീതിയിൽ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹീനമായ നടപടിയാണ് ഡെപ്യൂട്ടി തഹസിൽദാരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പോസ്‌റ്റ് ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്‌ഥാനത്തിൽ അടിയന്തിരമായി സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു എന്നും മന്ത്രി കെ രാജൻ സാമൂഹിക മാദ്ധ്യമത്തിൽ കുറിച്ചു.

നേരത്തെ, കാഞ്ഞങ്ങാട് എംഎൽഎയും മുൻ മന്ത്രിയുമായ ഇ. ചന്ദ്രശേഖരനെതിരെ സാമൂഹിക മാദ്ധ്യമത്തിൽ അപകീർത്തികരമായ പോസ്‌റ്റിട്ടതിന് പിന്നാലെ അദ്ദേഹത്തിനെതിരെ നടപടിയെടുത്തിരുന്നു. സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ് ഒരുമാസം മുമ്പാണ് പവിത്രൻ ജോലിയിൽ തിരികെ പ്രവേശിച്ചത്. പിന്നാലെയാണ് മറ്റൊരു അധിക്ഷേപ പോസ്‌റ്റും പങ്കുവെച്ചത്.

Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE