പരസ്യപ്രചാരണം നാളെ അവസാനിക്കും; പോളിങ് ബൂത്തുകളിൽ മൊബൈലിന് വിലക്ക്

വോട്ടർമാർ ബൂത്തുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്‌ടർ അഭ്യർഥിച്ചു.

By Senior Reporter, Malabar News
Nilambur By Election
(Image Courtesy: India Today Malayalam Online)
Ajwa Travels

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ വൈകീട്ട് ആറിന് അവസാനിക്കും. പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരൽ, പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ, മൈക്ക് അനൗൺസ്‌മെന്റ്, ഇലക്‌ട്രോണിക്‌സ് മാദ്ധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങളുടെ പ്രദർശനം, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് പ്രചാരണം നടത്തൽ എന്നിവയ്‌ക്ക് വിലക്കുണ്ട്.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126 (1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപ് പരസ്യപ്രചാരണം അവസാനിപ്പിക്കണം. ഈ സമയം അവസാനിച്ച ഉടൻ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ മുഴുവൻ രാഷ്‌ട്രീയ പ്രവർത്തകരും നേതാക്കളും വിട്ടു പോകണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്‌ടർ അറിയിച്ചു.

അതേസമയം, വോട്ട് ചെയ്യാനെത്തുന്നവർ പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോണുമായി പ്രവേശിക്കുന്നത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിട്ടുണ്ട്. അതിനാൽ വോട്ടർമാർ ബൂത്തുകളിൽ മൊബൈൽ ഫോൺ കൊണ്ടുവരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്‌ടർ അഭ്യർഥിച്ചു.

വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവയുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി മണ്ഡലത്തിലും പരിസര പ്രദേശങ്ങളിലും പിഡബ്ളുഡി, ജല അതോറിറ്റി, കെഎസ്ഇബി എന്നീ വകുപ്പുകൾ നിർമാണ പ്രവൃത്തികളുടെ ഭാഗമായി റോഡിൽ കുഴികൾ എടുക്കുന്നത് ജൂൺ 23ന് വോട്ടെണ്ണൽ കഴിയുന്നതുവരെ താൽക്കാലികമായി നിർത്തിവെയ്‌ക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കലക്‌ടർ നിർദ്ദേശം നൽകി.

കോൺഗ്രസിനും സിപിഎമ്മിനും വിജയം നിർണായകമായ തിരഞ്ഞെടുപ്പിൽ സർവ പ്രചാരണ ആയുധങ്ങളും പുറത്തെടുത്താണ് മുന്നണികളുടെ മുന്നേറ്റം. യുഡിഎഫ്- ജമാഅത്തെ ഇസ്‌ലാമി ബന്ധം ഉയർത്തിയാണ് എൽഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കിൽ സർക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫിന്റെ പ്രചാരണം.

ബിജെപി സ്‌ഥാനാർഥി മോഹൻ ജോർജും സ്വതന്ത്രനായി മൽസരിക്കുന്ന പിവി അൻവറും പ്രചാരണ രംഗത്ത് സജീവമാണ്. ക്രൈസ്‌തവ വോട്ടുകൾ കൂടി ഉന്നമിട്ട് വോട്ട് വർധന ലക്ഷ്യംവെച്ചാണ് ബിജെപിയുടെ പ്രചാരണം. മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചിറങ്ങിയ പിവി അൻവർ സോഷ്യൽ മീഡിയ അടക്കം ആയുധമാക്കിയാണ് പ്രചാരണ രംഗത്ത് സജീവമായത്.

Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE