കോഴിക്കോട്: കോഴിക്കോട്-വയനാട് തുരങ്കപാതയുടെ പ്രവർത്തനോൽഘാടനം ജൂലൈയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫാണ് ഇക്കാര്യം അറിയിച്ചത്. മേയ് 14, 15 തീയതികളിൽ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗത്തിൽ ആനക്കാംപൊയിൽ കള്ളാടി-മേപ്പാടി തുരങ്കപാതയുടെ പ്രവൃത്തി വ്യവസ്ഥകൾ പാലിച്ചുകൊണ്ട് നടപ്പിലാക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിരുന്നു.
നേരത്തെ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധ സമിതി മാർച്ചിൽ പദ്ധതിക്ക് അനുമതി നൽകിയിരുന്നു. ഈ നിർദ്ദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്ധ സമിതിയുടെ പരിഗണനയ്ക്ക് വിട്ടത്.
വിവിധ ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതികാനുമതി നൽകിയിരിക്കുന്നത്. ഇതോടെ കരാർ ഒപ്പിട്ട് തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കാനാകും. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ ത്രികക്ഷി കരാറിലാണ് നിർമാണം നടക്കുക. ഭോപ്പാൽ ആസ്ഥാനമായ ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായ റോയൽ ഇൻഫ്രാസ്ട്രെക്ച്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്.
2134 കോടി രൂപയാണ് നിർമാണ ചിലവ്. ടെൻഡർ നടപടികൾ നേരത്തെ പൂർത്തീകരിച്ചിരുന്നതായി എംഎൽഎ സാമൂഹികമാദ്ധ്യമ കുറിപ്പിൽ വ്യക്തമാക്കി. താമരശ്ശേരി ചുരം പാതക്ക് ബദല്‍ മാർഗം എന്ന നിലക്കാണ് തുരങ്കപാത നിർമിക്കുന്നത്. കോഴിക്കോട്, വയനാട് എന്നീ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തുരങ്കപാത, കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തില്‍ നിന്ന് ആരംഭിച്ച് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ അവസാനിക്കുന്ന രീതിയിലാണ് നിർമാണം.
തുരങ്കപാത വിജയകരമായാൽ കോഴിക്കോട് നിന്ന് താമരശ്ശേരി ചുരം കയറാതെ വെറും എട്ട് കിലോമീറ്റർ യാത്രകൊണ്ട് വയനാട്ടിലെത്താം. 42 കിലോമീറ്റർ എന്നത് 20 കിലോമീറ്ററിന് താഴെയായി ചുരുങ്ങും. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ നിന്ന് മറിപ്പുഴ, സ്വർഗ്ഗംകുന്ന് വഴി വയനാട്ടിലെ കള്ളാടിയിൽ എത്തുന്നതാണ് നിർദ്ദിഷ്ട തുരങ്കപാത.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!