മലപ്പുറം: നിലമ്പൂരിൽ വോട്ടെടുപ്പ് അവസാന മണിക്കൂറുകളിലേക്ക്. രാവിലെ മുതൽ പെയ്‌ത മഴയ്‌ക്ക് ശമനമായതോടെ ഉച്ചമുതൽ പല ബൂത്തുകളിലേക്കും കൂടുതൽപ്പേർ എത്തിത്തുടങ്ങി. പോളിങ് 59.68% പിന്നിട്ടതായാണ് റിപ്പോർട്. ഇതേ ട്രെൻഡ് തുടർന്നാൽ 2021ലെ പോളിങ്ങായ 75.23% മറികടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ.
രാവിലെ ഏഴുമുതൽ പോളിങ് തുടങ്ങിയതുമുതൽ ബൂത്തുകളിൽ നീണ്ട നിരയായിരുന്നു. അതിനിടെ, ചുങ്കത്തറ കുറുമ്പലങ്ങോട് സ്‌കൂളിലെ ബൂത്തിൽ സംഘർഷം ഉണ്ടായി. മണ്ഡലത്തിന് പുറത്തുനിന്നെത്തിയ എൽഡിഎഫ് പ്രവർത്തകർ വോട്ട് ചെയ്യാനെത്തിയവരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് സംഘർഷം ഉണ്ടായത്. ഇതേച്ചൊല്ലി എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
പോലീസ് ഇടപെട്ടാണ് സ്‌ഥിതി ശാന്തമാക്കിയത്. തിരുനാവായ സ്വദേശികളായ മൂന്ന് എൽഡിഎഫ് പ്രവർത്തകരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇവരെ പോത്തുകല്ല് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. 263 പോളിങ് ബൂത്തുകളിലായി 2,32,381 വോട്ടർമാരാണ് ഇന്ന് നിലമ്പൂരിൽ വിധിയെഴുതുന്നത്. വോട്ടർമാരിൽ 1,13,613 പുരുഷൻമാരും 1,18,760 വനിതകളും എട്ട് ട്രാൻസ്‍ജെൻഡർമാരുമുണ്ട്. 7787 പേർ പുതിയ വോട്ടർമാരാണ്.
എൽഡിഎഫ് സ്‌ഥാനാർഥി എം സ്വരാജ് മാങ്കുത്ത് എൽപി സ്‌കൂളിലും യുഡിഎഫ് സ്‌ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവ. എൽപി സ്‌കൂളിലും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. മാർത്തോമ്മ ഹയർസെക്കൻഡറി സ്‌കൂളിലാണ് എൻഡിഎ സ്‌ഥാനാർഥി മോഹൻ ജോർജ് വോട്ട് രേഖപ്പെടുത്തിയത്.
Most Read| എംഐ6ന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിത; ആരാണ് ബ്ളെയ്‌സ് മെട്രെവെലി?