കോഴിക്കോട്: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കൽപ്പറ്റയിൽ ഒരുക്കുന്ന ടൗൺഷിപ്പിൽ വീട് വേണ്ടന്ന് തീരുമാനിച്ച കുടുംബങ്ങൾക്ക് സർക്കാർ വാഗ്‌ദാനം ചെയ്‌ത 15 ലക്ഷം രൂപ വിതരണം ചെയ്‌തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി 104 കുടുംബങ്ങൾക്ക് ആകെ 16.05 കോടി രൂപയാണ് വിതരണം ചെയ്‌തത്.
ഇതിൽ 2.8 കോടി രൂപ സംസ്‌ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും (എസ്‌ഡിആർഎഫ്). 13.52 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് നൽകിയത്. ടൗൺഷിപ്പിൽ ആകെയുള്ള 402 ഗുണഭോക്‌താക്കളുടെ പുനരധിവാസ പട്ടികയിൽ 107 പേരാണ് വീടിന് പകരം 15 ലക്ഷം രൂപ മതിയെന്നറിയിച്ചത്. ഇതിൽ രണ്ടുപേർ നേരത്തെ അറിയിച്ചതിൽ നിന്ന് വ്യത്യസ്‌തമായി ടൗൺഷിപ്പിൽ വീട് വേണമെന്ന് അറിയിച്ച് പിന്നീട് കത്തുനൽകി.
ഒരാൾ ഏറാട്ടുകുണ്ട് ഉന്നതിയിൽ താമസക്കാരിയാണ്. ഉന്നതിയിൽ ഉൾപ്പെട്ട ദുരന്തബാധിതരായ എല്ലാ കുടുംബങ്ങൾക്കും മേപ്പാടി ഗ്രാമപഞ്ചായത്തിൽ തന്നെ വീട് നൽകി പുനരധിവസിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഈ മൂന്നുപേർ ഒഴികെ ബാക്കിയുള്ള മുഴുവൻ പേർക്കുമാണ് ഇപ്പോൾ തുക ലഭിച്ചത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!