ഹേമ കമ്മിറ്റി റിപ്പോർട്; എല്ലാ കേസുകളിലും അന്വേഷണം അവസാനിപ്പിച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആകെ രജിസ്‌റ്റർ ചെയ്‌ത 34 കേസുകളിലെയും നടപടികൾ അവസാനിപ്പിച്ചുവെന്ന് സംസ്‌ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. കമ്മിറ്റി മുമ്പാകെ മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്ത സാഹചര്യത്തിലാണ് പോലീസ് നടപടി.

By Senior Reporter, Malabar News
Justice Hema Committee Report 
Ajwa Travels

കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട് പുറത്തുവന്നതിന് പിന്നാലെ രജിസ്‌റ്റർ ചെയ്‌ത എല്ലാ കേസുകളും അവസാനിപ്പിച്ച് പോലീസ്. കമ്മിറ്റി മുമ്പാകെ മൊഴി നൽകിയവർക്ക് കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലാത്ത സാഹചര്യത്തിലാണ് പോലീസ് നടപടി.

ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് ആകെ രജിസ്‌റ്റർ ചെയ്‌ത 34 കേസുകളിലെയും നടപടികൾ അവസാനിപ്പിച്ചുവെന്ന് സംസ്‌ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴികളെ ആസ്‌പദമാക്കി കേസെടുക്കാനും അന്വേഷിക്കാനും പ്രത്യേകാന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിരുന്നു.

എസ്‌ഐടിക്ക് മുന്നിൽ മൊഴി നൽകാൻ അതിജീവിതകൾക്ക് സാധ്യമായ എല്ലാ സഹായവും നൽകി. ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയവർ എന്നിട്ടും പ്രത്യേക സംഘത്തിന്റെ അന്വേഷണവുമായി സഹകരിച്ചില്ല. തുടർന്നാണ് എല്ലാ കേസുകളിലെയും അന്വേഷണം അവസാനിപ്പിച്ചതെന്നും സർക്കാർ അറിയിച്ചു. മൊഴി നൽകാൻ സർക്കാർ ആരെയും നിർബന്ധിക്കേണ്ടതില്ലെന്ന് ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, സിഎസ് സുധ എന്നിവരടങ്ങിയ ബെഞ്ച് വ്യക്‌തമാക്കി.

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം സംബന്ധിച്ച പരാതി സ്വീകരിക്കുന്നതിനായി എസ്ഐടിയുടെ നോഡൽ ഏജൻസി പ്രവർത്തനം തുടരണമെന്നും കോടതി നിർദ്ദേശിച്ചു. പുതിയ നിയമം വരുന്നതുവരെ കോടതിയുടെ മാർഗനിർദ്ദേശങ്ങൾ നിലവിലുണ്ടാകുമെന്നും ഹൈക്കോടതി പറഞ്ഞു. ഓഗസ്‌റ്റ് മാസം ആദ്യം സിനിമാ നയം രൂപീകരിക്കുന്നതിന്റെ ഭാഗമായ കോൺക്ളേവ് സംഘടിപ്പിക്കും.

ഇതിൽ ഉരുത്തിരിയുന്ന നിർദ്ദേശങ്ങളുടെ കൂടി അടിസ്‌ഥാനത്തിലാവും സിനിമാ നയം രൂപീകരിക്കാനുള്ള കരട് തയ്യാറാക്കുക. നിയമത്തിന്റെ കരട് തയ്യാറാക്കിയ ശേഷം അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. മലയാള സിനിമാരംഗത്തെ ലൈംഗിക അതിക്രമവും ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അന്വേഷിച്ച് അവയ്‌ക്ക് പരിഹാര നടപടികൾ സമർപ്പിക്കുന്നതിനായി 2017 ജൂലൈ മാസത്തിൽ കേരള സർക്കാർ രൂപീകരിച്ച ഒരു അന്വേഷണ കമ്മിറ്റിയാണ് ഹേമ കമ്മറ്റി.

മുൻ കേരള ഹൈക്കോടതി ജഡ്‌ജ് ജസ്‌റ്റിസ്‌ ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മിറ്റിയാണിത്. ചലച്ചിത്ര നടി ശാരദ, മുൻ ഐഎഎസ് ഉദ്യോഗസ്‌ഥ കെബി വൽസലകുമാരി എന്നിവരാണ് കമ്മിറ്റിയിലെ മറ്റു അംഗങ്ങൾ. 2017ൽ കൊച്ചിയിൽ യുവനടി ആക്രമിക്കപ്പിട്ടതിനെ തുടർന്ന് രൂപംകൊണ്ട വിമൻ ഇൻ സിനിമ കളക്റ്റീവ് എന്ന സംഘടന, മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയെ തുടർന്നാണ് സർക്കാർ കമ്മിറ്റിയെ നിയോഗിച്ചത്.

Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE