ന്യൂഡെൽഹി: പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയ നാവികസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. ന്യൂഡെൽഹിയിലെ നാവികസേന ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ ഹരിയാന സ്വദേശി വിശാൽ യാദവിനെയാണ് രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തത്.
ഇന്ത്യയുടെ നിർണായകമായ ഓപ്പറേഷൻ സിന്ദൂറിനിടയിലും ഇയാൾ ചാരവൃത്തി നടത്തിയെന്നാണ് ആരോപണം. നാവികസേനയെയും മറ്റു പ്രതിരോധ യൂണിറ്റുകളെയും കുറിച്ചുള്ള രഹസ്യവിവരങ്ങൾ വിശാൽ യാദവ് പാക്കിസ്ഥാനിലെ ഒരു സ്ത്രീക്കാണ് കൈമാറിയിരുന്നത്. വിവരങ്ങൾക്ക് പകരമായി പണം കൈപ്പറ്റിയിരുന്നുവെന്ന് മൊബൈൽ ഫോൺ പരിശോധനയിൽ കണ്ടെത്തി.
പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾ നടത്തുന്ന ചാരപ്രവർത്തനങ്ങൾ രാജസ്ഥാൻ പോലീസിന്റെ ഇന്റലിജൻസ് യൂണിറ്റ് നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ വിഷ്ണുകാന്ത് ഗുപ്ത പറഞ്ഞു. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുടെ വനിതാ മാനേജറുമായാണ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വിശാൽ നിരന്തരം ബന്ധപ്പെട്ടിരുന്നത്.
പ്രിയ ശർമ്മ എന്നാണ് യുവതിയെ വിശാൽ അഭിസംബോധന ചെയ്തിരുന്നത്. യുവതി തന്ത്രപരമായി പ്രാധാന്യമുള്ള രഹസ്യവിവരങ്ങൾ ശേഖരിക്കുന്നതിനായാണ് വിശാലിന് പണം നൽകിയിരുന്നത്. വിശാൽ യാദവ് ഓൺലൈൻ ഗെയിമുകൾക്ക് അടിമയായിരുന്നെന്നും അദ്ദേഹത്തിന്റെ നഷ്ടം നികത്താൻ ഈ പണം ആവശ്യമായിരുന്നെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
ക്രിപ്റ്റോ ട്രേഡിങ് അക്കൗണ്ട് വഴിയും നേരിട്ട് ബാങ്ക് അക്കൗണ്ടുകളിലേക്കും വിശാൽ യാദവ് പണം സ്വീകരിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ജയ്പൂരിലെ സെൻട്രൽ ഇന്ററോഗേഷൻ സെന്ററിൽ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ വിശാൽ യാദവിനെ സംയുക്തമായി ചോദ്യം ചെയ്തുവരികയാണ്. ഈ റാക്കറ്റിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനാണ് അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!