കോട്ടയം: ജോലിയിൽ നിന്നുള്ള ആദ്യ ശമ്പളം അമ്മയ്ക്ക് നൽകാൻ ഓടിയെത്തിയതായിരുന്നു നവനീത്. എന്നാൽ, നവനീത് കണ്ടത് അമ്മയുടെ ചേതനയറ്റ ശരീരം. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ മകൻ നവനീതിനെ ആശ്വസിപ്പിക്കാൻ കണ്ടുനിന്നവർക്ക് പോലും കഴിഞ്ഞില്ല.
കഴിഞ്ഞ മാസമാണ് നവനീതിന് എറണാകുളത്ത് ജോലി കിട്ടിയത്. ആദ്യ ശമ്പളം കഴിഞ്ഞദിവസം കിട്ടിയെങ്കിലും അമ്മയും സഹോദരിയും ആശുപത്രിയിൽ ആയതിനാൽ അത് അമ്മയെ ഏൽപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് ഇന്നലെ ആശുപത്രിയിൽ എത്തിയത്. ഇടിത്തീ വീഴുംപോലെയായിരുന്നു അപകടം. മരിച്ച യുവതിയെ ആദ്യം തിരിച്ചറിഞ്ഞതും നവനീതാണ്.
കുടുംബ സ്വത്തായി ലഭിച്ച അഞ്ച് സെന്റ് സ്ഥലത്ത് നിർമാണം പൂർത്തിയാകാത്ത ചെറിയ വീട്ടിലാണ് ബിന്ദുവും ഭർത്താവ് വിശ്രുതനും മക്കളായ നവമിയും നവനീതും ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും താമസിക്കുന്നത്. മേസ്തിരിപ്പണിക്കാരനായ വിശ്രുതന്റെയും തലയോലപ്പറമ്പിലെ വസ്ത്രശാലയിൽ ജോലി ചെയ്യുന്ന ബിന്ദുവിന്റെയും വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോന്നിരുന്നത്.
ആന്ധ്രയിൽ അപ്പോളോ നഴ്സിങ് കോളേജിലെ അവസാനവർഷ വിദ്യാർഥിനിയായ നവമിക്ക് (21) ന്യൂറോ പ്രശ്നങ്ങളെത്തുടർന്നാണ് ഇവർ കോട്ടയം മെഡിക്കൽ കോളേജിൽ ചൊവ്വാഴ്ച എത്തിയത്. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിന് ശേഷമാണ് അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് ബിന്ദുവിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിൽ പോയതായിരുന്നു ബിന്ദു.
അതേസമയം, ബിന്ദുവിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാരം. മൃതദേഹം വീട്ടിൽ എത്തിച്ചു. അപകടസ്ഥലം റവന്യൂ സംഘം ഇന്ന് പരിശോധിക്കും. കലക്ടറുടെ നേതൃത്വത്തിലാകും സംഘം പരിശോധന നടത്തുക. ഒരാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട് നൽകും. ഇതിനിടെ, വിഷയത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്. ബിന്ദുവിന്റെ മരണത്തിന് കാരണം ആരോഗ്യ മന്ത്രിയാണെന്നും മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Most Read| ബിഗ് ബ്യൂട്ടിഫുൾ ബിൽ പാസാക്കി യുഎസ് കോൺഗ്രസ്; ട്രംപ് ഇന്ന് ഒപ്പിടും