തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെഎസ് അനിൽ കുമാറിന്റെ സസ്പെൻഷൻ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി. ഹരജി തിങ്കളാഴ്ച പരിഗണിക്കും. കേസ് പരിഗണിക്കവേ രജിസ്ട്രാറെ കോടതി വിമർശിച്ചു. എന്ത് കൊണ്ടാണ് ഗവർണർ പങ്കെടുക്കുന്ന പരിപാടി നിർത്താൻ നിർദ്ദേശം നൽകിയതെന്ന് രജിസ്ട്രാറുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു.
മതചിഹ്നം പ്രദർശിപ്പിച്ചത് കൊണ്ടാണ് പരിപാടി നിർത്താൻ നിർദ്ദേശം നൽകിയതെന്ന് അഭിഭാഷകൻ അറിയിച്ചു. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ പ്രകോപനപരമായ എന്ത് ചിത്രമാണ് പ്രദർശിപ്പിച്ചതെന്ന് ഹൈക്കോടതി ചോദിച്ചു. ഹിന്ദു ദേവതയുടെ ചിത്രമാണ് പ്രദർശിപ്പിച്ചതെന്നും, പതാകയേന്തിയ സ്ത്രീയുടെ ചിത്രമാണ് ഉണ്ടായിരുന്നതെന്നും അഭിഭാഷകൻ അറിയിച്ചു.
ഭാരതമാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിച്ചത് നിർഭാഗ്യകരമെന്ന് ഹൈക്കോടതി പറഞ്ഞു. രജിസ്ട്രാറുടെ നടപടി ഗവർണറുടെ വിശിഷ്ടതയെ ബാധിച്ചുവെന്നും, ഗവർണർ വരുമ്പോൾ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമ വിരുദ്ധമായി വിസി നടത്തിയ സസ്പെൻഷനാണ് പ്രധാന വിഷയമെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
വിസിക്കും സർവകലാശാലയ്ക്കും രണ്ട് നിലപാടാണെന്ന് പറഞ്ഞ കോടതി, കേരള സർവകലാശാലയോടും പോലീസിനോടും വിശദീകരണം തേടി. ശ്രീപത്മനാഭ സേവാസമിതി എന്ന സംഘടന കഴിഞ്ഞമാസം 25ന് ഗവർണർ രാജേന്ദ്ര അർലേക്കറെ പങ്കെടുപ്പിച്ച് സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം.
മതചിഹ്നം ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടി രജിസ്ട്രാർ പരിപാടിക്കുള്ള അനുമതി റദ്ദാക്കി. എന്നാൽ, രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സംഘാടകർ വാദിച്ചതോടെ ഗവർണർ പരിപാടിക്കെത്തി. ഇത് പിന്നീട് ഗവർണർക്കെതിരെ എസ്എഫ്ഐ- കെഎസ്യു പ്രതിഷേധത്തിലും ബിജെപി പ്രവർത്തകരുമായുള്ള തമ്മിൽത്തല്ലിലുമാണ് കലാശിച്ചത്.
പിന്നാലെയാണ്, രജിസ്ട്രാർ ഡോ. കെഎസ് അനിൽ കുമാറിനെ വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്. ഗവർണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മർദ്ദത്തിന് വഴങ്ങി ചട്ടവിരുദ്ധമായി പ്രവർത്തിച്ചുവെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Most Read| തറയ്ക്കടിയിൽ നിന്ന് രക്തം സമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!