തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് സിൻഡിക്കേറ്റ്. വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ സസ്‌പെൻഡ് ചെയ്‌ത രജിസ്‌ട്രാർ ഡോ. കെഎസ് അനിൽ കുമാർ സർവകലാശാല ആസ്‌ഥാനത്തെത്തി ചുമതലയേറ്റു. ഇന്ന് തന്നെ ചുമതല ഏറ്റെടുക്കണമെന്ന് രജിസ്‌ട്രാറോട് സിൻഡിക്കേറ്റ് ആവശ്യപ്പെട്ടിരുന്നു.
വൈകീട്ട് 4.30നാണ് രജിസ്‌ട്രാർ കെഎസ് അനിൽ കുമാർ സർവകലാശാലയിൽ എത്തിയതെന്നാണ് വിവരം. വിസി രജിസ്‌ട്രാറെ സസ്‌പെൻഡ് ചെയ്‌ത വിഷയം ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് സിൻഡിക്കേറ്റിന്റെ നാടകീയ നീക്കം. അനിൽ കുമാർ ചുമതലയേറ്റെടുത്തെങ്കിലും ഇതിന് നിയമസാധുതയുണ്ടോ എന്ന കാര്യം ഹൈക്കോടതിയാകും തീരുമാനിക്കുക.
വിസിയുമായി തുറന്നപോരിന് തയ്യാറെടുത്താണ് സിൻഡിക്കേറ്റിന്റെ അടിയന്തിര തീരുമാനം. സർവകലാശാല നിയമപ്രകാരം രജിസ്‌ട്രാറുടെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സിൻഡിക്കേറ്റാണെന്നാണ് ഇടത് അംഗങ്ങൾ പറയുന്നത്. മാദ്ധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായാണ് കെഎസ് അനിൽ കുമാർ സർവകലാശാല ആസ്‌ഥാനത്ത് എത്തിയത്.
കെഎസ് അനിൽ കുമാറിന്റെ സസ്‌പെൻഷൻ സ്‌റ്റേ ചെയ്യാൻ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. കേസ് പരിഗണിക്കവേ രജിസ്‌ട്രാറെ കോടതി വിമർശിക്കുകയും ചെയ്‌തിരുന്നു. എന്ത് കൊണ്ടാണ് ഗവർണർ പങ്കെടുക്കുന്ന പരിപാടി നിർത്താൻ നിർദ്ദേശം നൽകിയതെന്ന് രജിസ്‌ട്രാറുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു.
മതചിഹ്‌നം പ്രദർശിപ്പിച്ചത് കൊണ്ടാണ് പരിപാടി നിർത്താൻ നിർദ്ദേശം നൽകിയതെന്ന് അഭിഭാഷകൻ അറിയിച്ചു. ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ പ്രകോപനപരമായ എന്ത് ചിത്രമാണ് പ്രദർശിപ്പിച്ചതെന്ന് ഹൈക്കോടതി ചോദിച്ചു. ഹിന്ദു ദേവതയുടെ ചിത്രമാണ് പ്രദർശിപ്പിച്ചതെന്നും, പതാകയേന്തിയ സ്‌ത്രീയുടെ ചിത്രമാണ് ഉണ്ടായിരുന്നതെന്നും അഭിഭാഷകൻ അറിയിച്ചു.
ഭാരതമാതാവിനെ പതാകയേന്തിയ സ്‌ത്രീയെന്ന് വിശേഷിപ്പിച്ചത് നിർഭാഗ്യകരമെന്ന് ഹൈക്കോടതി പറഞ്ഞു. രജിസ്‌ട്രാറുടെ നടപടി ഗവർണറുടെ വിശിഷ്‌ടതയെ ബാധിച്ചുവെന്നും, ഗവർണർ വരുമ്പോൾ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!







































