ടെക്സസ്: അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 78 ആയി ഉയർന്നു. 41 പേരെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. അതോടൊപ്പം, വീണ്ടും പ്രളയം ഉണ്ടാകാമെന്ന മുന്നറിയിപ്പുമുണ്ട്.
മരിച്ചവരിൽ 28 പേർ കുട്ടികളാണ്. ഗ്വാഡലൂപ്പ് നദിക്കരയിലെ പ്രസിദ്ധമായ ക്യാമ്പ് മിസ്റ്റിക്കിൽ ഉണ്ടായിരുന്ന പത്ത് പെൺകുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. നദിയൊഴുകിയ വഴിയേ വിദൂര പ്രദേശങ്ങളിലും തിരച്ചിൽ നടക്കുന്നുണ്ട്. 850 പേരെ ഇതുവരെ രക്ഷപ്പെടുത്തി. മിന്നൽ പ്രളയമുണ്ടായ സമയത്ത് 700 പെൺകുട്ടികളാണ് ക്യാമ്പ് മിസ്റ്റിക്കിൽ ഉണ്ടായിരുന്നത്. സ്വാതന്ത്ര്യ ദിനാഘോഷത്തിനായി ഒട്ടേറെപ്പേർ നദിക്കരയിലെ താമസയിടങ്ങളിലും ഉണ്ടായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ മഴ ഇത്രയും കനക്കുമെന്നും മിന്നൽ പ്രളയം ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നില്ലെന്നുമാണ് ടെക്സസ് ഹിൽ കൺട്രി മേഖലയിലുള്ള കെർ കൗണ്ടിയിലെ അധികൃതർ പറയുന്നത്. ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത് ഈ മേഖലയെയാണ്. അതേസമയം, നാഷണൽ വെതർ സർവീസിന്റെ കാലഹരണപ്പെട്ട പ്രവചന രീതികൾ പരിഷ്കരിക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു.
അതിനിടെ, കെർ കൗണ്ടിയിലേത് വലിയ തോതിലുള്ള ദുരന്തമായി പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് ഉത്തരവിറക്കി. പ്രാദേശിക അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനം തുടരുകയാണെന്നും അവസാന ആളെയും കണ്ടെത്തുംവരെ ദൗത്യം തുടരുമെന്നും അധികൃതർ അറിയിച്ചു.
Most Read| വാക്സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!