ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടപ്പാക്കാനിരിക്കെ, ശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ തിരക്കിട്ട ശ്രമം നടത്തി കേന്ദ്ര സർക്കാർ. മോചനശ്രമങ്ങൾക്കായി ഇനിയുള്ളത് ഒരാഴ്‌ച സമയം മാത്രമാണ്. ദയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണമാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിശദീകരണം.
16ആം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാൻ ഉന്നതതല ഇടപെടൽ നടത്തുമെന്നും സ്‌ഥിതി നിരീക്ഷിക്കുന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതിനിടെ, വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനയിലുള്ള തലാലിന്റെ കുടുംബം മാപ്പ് നൽകുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാർഗമെന്നും മനുഷ്യാവകാശ പ്രവർത്തകൻ സാമുവൽ ജെറോം പറഞ്ഞു.
ഇതിനായി തലാലിന്റെ കുടുംബത്തെ വീണ്ടും കാണാനാണ് അദ്ദേഹത്തിന്റെ തീരുമാനം. തലാലിന്റെ കുടുംബം ഏകദേശം പത്തുകോടി ഡോളർ (ഏകദേശം 8.57 കോടി രൂപ) ദയാധനമായി ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബവുമായി നടക്കുന്ന ചർച്ചയിൽ നിമിഷപ്രിയയ്‌ക്ക് മാപ്പ് നൽകാൻ തലാലിന്റെ കുടുംബം തയ്യാറായാൽ മാത്രമേ മോചനത്തിന് വഴിയൊരുങ്ങൂ. യെമനിൽ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയിലാണ് നിമിഷപ്രിയ കഴിയുന്നത്.
നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും യെമനിലുണ്ട്. തലാല്‍ അബ്‌ദുമഹ്ദിയെന്ന യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് യെമൻ തലസ്‌ഥാനമായ സനയിലെ ജയിലിൽ 2017 മുതൽ കഴിയുകയാണ് പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിനി നിമിഷപ്രിയ. 2017 ജൂലൈ 25നാണ് നിമിഷപ്രിയ യെമന്‍കാരനായ തലാല്‍ അബ്‌ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്. തലാലിനൊപ്പം ക്ളിനിക് നടത്തുകയായിരുന്നു നിമിഷ.
സ്വന്തമായി ക്ളിനിക് തുടങ്ങാന്‍ സഹായ വാഗ്‌ദാനവുമായി വന്ന ഇയാൾ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നായിരുന്നു നിമിഷപ്രിയയുടെ വാദം. എന്നാൽ, അബ്‌ദുമഹ്ദിയുടെ മൃതദേഹം ഇവർ താമസിച്ചിരുന്ന വീടിന് മുകളിലെ ടാങ്കിൽ വെട്ടിനുറുക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇക്കാര്യം തനിക്കറിയില്ലെന്ന നിമിഷപ്രിയയുടെ വാദം വിചാരണ കോടതി അംഗീകരിച്ചില്ല.
Most Read| വാക്‌സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!