കൊച്ചി: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാറിന്റെ ആവശ്യത്തിൽ കൈമലർത്തി കപ്പൽ കമ്പനി.
നഷ്ടപരിഹാരമായി ആവശ്യപ്പെട്ട 9531 കോടി രൂപ വളരെ കൂടുതലാണെന്നും ഇത് നൽകാനാവില്ലെന്നും കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്സി) ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. കപ്പലിന്റെ ഉടമസ്ഥർ തങ്ങളല്ലെന്ന വാദവും കമ്പനി മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, കപ്പൽ മുങ്ങി എന്നതിലും പരിസ്ഥിതി മലിനീകരണമുണ്ടായി എന്നതിലും തർക്കമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
എത്ര രൂപ നഷ്ടപരിഹാരമായി നൽകാമെന്ന് കമ്പനി അറിയിക്കാനും ജസ്റ്റിസ് എംഎ അബ്ദുൾ ഹക്കീം നിർദ്ദേശിച്ചു. അതേസമയം, വിഴിഞ്ഞം തുറമുഖത്തുള്ള എംഎസ്സി അകിറ്റേറ്റ-11 ഇന്ന് വരെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള ഉത്തരവും കോടതി നീട്ടിയിട്ടുണ്ട്. അക്കിറ്റേറ്റ കപ്പൽ അടിയന്തിരമായി അറസ്റ്റ് ചെയ്യാനും നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായതിന് ശേഷം മാത്രം കപ്പൽ വിട്ടയച്ചാൽ മതിയെന്നും ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
കപ്പലപകടത്തെ തുടർന്ന് മൽസ്യ-ജല സമ്പത്തിന് വ്യാപക നാശനഷ്ടം ഉണ്ടാവുകയും ഈ സാഹചര്യത്തിൽ മൽസ്യത്തൊഴിലാളികൾക്ക് സഹായം നൽകുന്നതിനുമായി കപ്പൽ കമ്പനി 9000 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹരജി സമർപ്പിച്ചത്.
Most Read| വാക്സിനേഷൻ മന്ദഗതിയിൽ; ഒരു ഡോസ് പോലും ലഭിക്കാതെ ഇന്ത്യയിൽ 1.44 ദശലക്ഷം കുട്ടികൾ!







































