ന്യൂഡെൽഹി: കേരള എൻജിനിയറിങ്, ഫാർമസി (കീം) പ്രവേശന നടപടികളിൽ ഈവർഷം ഇടപെടാനില്ലെന്ന് സുപ്രീം കോടതി. കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ കേരള സിലബസ് വിദ്യാർഥികൾ നൽകിയ അപ്പീലിൽ സ്‌റ്റേ ഇല്ല. വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. ഈ വർഷത്തെ പ്രവേശന നടപടികൾ തുടരാമെന്നും കോടതി നിർദ്ദേശിച്ചു.
നാലാഴ്‌ചയ്‌ക്കകം ഹരജി വീണ്ടും പരിഗണിക്കുമെന്നും ജഡ്‌ജിമാരായ പിഎസ് നരസിംഹ, എഎസ് ചന്ദുകർ എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി. മറുപടി സത്യവാങ്മൂലം നൽകാൻ സംസ്‌ഥാന സർക്കാരിന് നിർദ്ദേശം നൽകി. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് സംസ്‌ഥാന സർക്കാരും കോടതിയിൽ പറഞ്ഞു. വിദ്യാർഥികൾക്ക് പ്രശ്‌നം ഉണ്ടാവാതിരിക്കാനാണ് അപ്പീൽ നൽകാത്തതെന്നും സർക്കാർ അറിയിച്ചു.
എൻജിനിയറിങ് പ്രവേശന പരീക്ഷാ പ്രോസ്‌പെക്‌ടസിൽ മാറ്റം വരുത്താൻ സംസ്‌ഥാന സർക്കാരിന് അധികാരം ഉണ്ടെന്നായിരുന്നു കേരള സിലബസ് വിദ്യാർഥികളുടെ വാദം. 14 വർഷമായി നിലനിന്ന അനീതി ഇല്ലാതാക്കുകയാണ് സിലബസ് പരിഷ്‌കരണത്തിലൂടെ ചെയ്‌തത്. സിബിഎസ്ഇ സിലബസ് വിദ്യാർഥികൾക്ക് മുൻഗണന ലഭിക്കുന്ന പഴയ പ്രോസ്‌പെക്‌ടസ് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്‌ക്ക് വിരുദ്ധമാണ് എന്നുമായിരുന്നു ഹരജിക്കാരുടെ വാദം.
കേരളത്തിലെ എൻജിനിയറിങ് പ്രവേശനത്തിനായി ഈ മാസം ഒന്നിന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്‌റ്റ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരുമണിക്കൂർ മുൻപ് പ്രോസ്‌പെക്‌ടസിൽ സർക്കാർ വരുത്തിയ മാറ്റം നിയമവിരുദ്ധവും നീതീകരിക്കാനാവാത്തതും ഏകപക്ഷീയവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നെങ്കിലും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച് ഡിവിഷൻ ബെഞ്ച് സർക്കാരിന്റെ ഹരജി തള്ളുകയായിരുന്നു. പിന്നാലെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി അഗീകരിച്ചുകൊണ്ട് പഴയ ഫോർമുല അനുസരിച്ചുള്ള റാങ്ക് ലിസ്‌റ്റ് സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ, റാങ്ക് പട്ടികയിൽ വലിയ മാറ്റങ്ങളുണ്ടായി.
പഴയ ഫോർമുല അനുസരിച്ച് റാങ്ക് ലിസ്‌റ്റ് പുതുക്കി പ്രഖ്യാപിച്ചപ്പോൾ സ്‌റ്റേറ്റ് സിലബസിലുള്ള വിദ്യാർഥികൾക്ക് മുൻതൂക്കം നഷ്‌ടമായി. ആദ്യ 100 റാങ്കിൽ 79 പേരും സിബിഎസ്ഇ വിദ്യാർഥികളായിരുന്നു. കേരള സിലബസ് വിദ്യാർഥികൾ 21. കോടതി റദ്ദാക്കിയ റാങ്ക് പട്ടികയിൽ ഇത് യഥാക്രമം 55, 43 എന്നിങ്ങനെയായിരുന്നു. ഇതിനെതിരെയാണ് കേരള സിലബസ് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!






































