കൊച്ചി: കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയും മകൾ ഒന്നരവയസുകാരി വൈഭവിയും ഷാർജയിൽ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ ഭർത്താവിനെ കൂടി കക്ഷി ചേർക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി. ഇരുവരുടെയും മരണം കൊലപാതകമാണോയെന്ന് സംശയമുള്ളതിനാൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരി നൽകിയ ഹരജിയാണ് കോടതി മുമ്പാകെയുള്ളത്.
ഷാർജയിൽ സംസ്‌കരിക്കാതെ നാട്ടിലേക്ക് മൃതദേഹം കൊണ്ടുവരാൻ ആവശ്യപ്പെടുന്നതിന്റെ കാരണമെന്താണെന്നും ഭർത്താവിനല്ലേ നിയമപരമായ അവകാശമെന്നും കോടതി ചോദിച്ചു. ഭർത്താവിന്റെ ഭാഗം കൂടി കേൾക്കണം. ഇരുവരുടെയും മൃതദേഹങ്ങൾ എങ്ങനെ തിരികെ എത്തിക്കാനാകുമെന്നും ജസ്‌റ്റിസ് എൻ നഗരേഷ് ആരാഞ്ഞു. ഹരജി നാളെ വീണ്ടും പരിഗണിക്കും.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാൻ അനുവദിക്കരുതെന്നായിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഷാർജയിൽ പോസ്‌റ്റുമോർട്ടം നടത്തിയാലും നാട്ടിലെത്തിച്ച് വീണ്ടും പോസ്‌റ്റുമോർട്ടം നടത്താൻ ഉത്തരവിടണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.
വിപഞ്ചികയുടെ ഭർത്താവ് നിതീഷ് മോഹൻ, സഹോദരി നീതു, പിതാവ് മോഹനൻ എന്നിവർക്കെതിരെ കുണ്ടറ പോലീസ് കേസെടുത്തിട്ടുള്ള കാര്യവും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിപഞ്ചിക നിരന്തരം ഗാർഹിക പീഡനത്തിന് ഇരയായിരുന്നു എന്നാണ് ഹരജിയിൽ പറയുന്നത്. ഇതിന്റെ തെളിവുകളും ഹരജിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒമ്പതിന് ഉച്ചയ്‌ക്കാണ് കൊല്ലം ചന്ദനംത്തോപ്പ് കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചികയെയും (33) മകൾ വൈഭവിയെയും അൽ നഹ്ദയിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും ജനിച്ച മണ്ണിൽ സംസ്‌കരിക്കണമെന്നാണ് അമ്മ ഷൈലജയുടെയും ബന്ധുക്കളുടെയും ആവശ്യം. മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോകാനായി ഇന്നലെയാണ് ഷൈലജ ഷാർജയിൽ എത്തിയത്.
Most Read| ഗംഗാവലി പുഴയുടെ കണ്ണീരാഴങ്ങളിൽ അർജുൻ; ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരുവയസ്