കോഴിക്കോട്: യെമനിൽ വധശിക്ഷ വിധിച്ച് ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര മാർഗങ്ങൾ തേടുന്നത് തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
”ചില സൗഹൃദ രാജ്യങ്ങളുമായി ചർച്ചകൾ നടത്തുന്നുണ്ട്. ഇത് വളരെ വൈകാരികമായ വിഷയമാണ്. കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട്. കുടുംബത്തെ സഹായിക്കാൻ നിയമസഹായം നൽകുകയും ഒരു അഭിഭാഷകനെ ഏർപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനായി പ്രാദേശിക അധികാരികളെയും ബന്ധപ്പെട്ടിട്ടുണ്ട്.
നിമിഷപ്രിയയുടെ കുടുംബത്തിന് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ധാരണയിലെത്താൻ കൂടുതൽ സമയം ലഭിക്കുന്നതിനായാണ് ഇത് ചെയ്‌തത്. ജൂലൈ 16ന് നിശ്‌ചയിച്ചിരുന്ന വധശിക്ഷ യെമൻ സർക്കാർ മാറ്റിവെച്ചിട്ടുണ്ട്”- വിദേശകാര്യ വക്‌താവ് പറഞ്ഞു.
വധശിക്ഷ എത്ര നാളത്തേക്കാണ് മാറ്റിവെച്ചിരിക്കുന്നതെന്ന് വ്യക്‌തമാക്കിയിട്ടില്ല. കുടുംബങ്ങൾ തമ്മിലുള്ള ചർച്ച ഉടൻ ഫലപ്രാപ്‌തിയിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. പ്രാദേശിക ജയിൽ അധികൃതരുമായും പ്രോസിക്യൂഷൻ ഓഫീസുമായും സൗദിയിലെ ഇന്ത്യൻ എംബസി ചർച്ച നടത്തുകയും ചെയ്‌തിരുന്നു.
അതേസമയം, അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നടത്തിയ ഇടപാടുകളെ സംബന്ധിച്ച് അറിവില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്‌താവ് രൺധീപ് ജെയ്സ്വാൾ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Most Read| ചരിത്രം കുറിച്ച് ആസ്‌ത പൂനിയ; നാവികസേനയിലെ ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്