തിരുവനന്തപുരം: ആശാ വർക്കർമാരുടെ ഇൻസന്റീവ് വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് കേരളാ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ നേതാവ് എസ്. മിനി. രാജ്യത്ത് പത്തുലക്ഷം പേർക്ക് ഗുണകരമാകുന്ന നടപണിയാണിതെന്നും മിനി പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നിലെ ആശമാരുടെ സമരം 168ആം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് കേന്ദ്രത്തിന്റെ നടപടി. സമരവേദിയിൽ എത്തിയ എംപിമാർ പാർലമെന്റിൽ ഇക്കാര്യം ഉന്നയിക്കുകയും കേന്ദ്ര ആരോഗ്യമന്ത്രി ഇൻസന്റീവ് വർധന ഉറപ്പ് തരികയും ചെയ്‌തിരുന്നു. അതിന്റെ ചില തീരുമാനങ്ങളാണ് ഇന്നലെ പുറത്തുവന്നിരിക്കുന്നതെന്നും മിനി പറഞ്ഞു.
2000 രൂപ ഫിക്‌സഡ് ഇൻസന്റീവ് 3500 ആയി വർധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം 50,000 രൂപയാക്കുകയും മറ്റുചില ഇൻസന്റീവുകൾ വർധിപ്പിക്കുകയുമാണ് കേന്ദ്രം ചെയ്‌തിരിക്കുന്നത്. കേന്ദ്രം വർധനവിന് തയ്യാറായിരിക്കുന്നു. അതേസമയം, സംസ്‌ഥാന സർക്കാർ ഓണറേറിയം വർധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നും മിനി കൂട്ടിച്ചേർത്തു.
ആശമാരുടെ കാര്യത്തിൽ കേന്ദ്ര സർക്കാർ അനുകൂല തീരുമാനം എടുത്തതോടെ സംസ്‌ഥാന സർക്കാർ കൂടുതൽ സമ്മർദ്ദത്തിൽ ആയിരിക്കുകയാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന ഘട്ടത്തിൽ ആശാസമരം തുടർന്ന് പോകുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തൽ സിപിഎമ്മിനും സർക്കാരിനുമുണ്ട്.
Most Read| അശ്‌ളീല ഉള്ളടക്കം; 25 ഒടിടി പ്ളാറ്റുഫോമുകൾക്ക് നിരോധനം