ദുർഗ്: മനുഷ്യക്കടത്ത്, മതപരിവർത്തനം ഉൾപ്പടെയുള്ള കുറ്റങ്ങൾ ചുമത്തി അറസ്‌റ്റിലായ മലയാളി കന്യാസ്‌ത്രീകളുടെ ജാമ്യാപേക്ഷ എതിർത്ത് ഛത്തീസ്‌ഗഡ് സർക്കാർ. എതിർപ്പ് ജഡ്‌ജിക്ക് എഴുതി നൽകി. ജാമ്യത്തെ ഛത്തീസഗഡ് സർക്കാർ എതിർത്തിട്ടില്ലെന്നായിരുന്നു ബിജെപി വാദം. എന്നാൽ, ഇത് തള്ളുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ദുർഗിലെ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ പരിഗണിക്കവെ, കന്യാസ്‌ത്രീകൾക്ക് വേണ്ടി അഭിഭാഷകൻ വാദം നിരത്തി. അതിനെ പബ്ളിക് പ്രോസിക്യൂട്ടർ അതിശക്‌തമായി എതിർക്കുകയായിരുന്നു. സെഷൻ 143 പ്രകാരം, ഈ കേസ് പരിഗണിക്കാൻ കോടതിക്ക് അവകാശമില്ലെന്നും ജാമ്യഹരജി തള്ളണമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
കന്യാസ്‌ത്രീകൾക്ക് ജാമ്യം നൽകിയാൽ മതപരിവർത്തനം ആവർത്തിക്കുമെന്നും പബ്ളിക് പ്രോസിക്യൂട്ടർ വാദിച്ചു. ദുർഗിലെ ജയിലിൽ റിമാൻഡിൽ കഴിയുന്ന കന്യാസ്‌ത്രീകൾ കഴിഞ്ഞദിവസം ജാമ്യം തേടി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്.
മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകൾ ചുമത്തിയതിനാൽ ജാമ്യാപേക്ഷ പരിഗണിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്നായിരുന്നു സെഷൻസ് കോടതിയുടെ നിലപാട്. വിഷയത്തിൽ ബിലാസ്‌പുരിലെ എൻഐഎ കോടതിയെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു. അതേസമയം, കന്യാസ്‌ത്രീകൾക്ക് ജാമ്യം ലഭിച്ചില്ലെന്ന് അറിഞ്ഞതോടെ കോടതിക്ക് പുറത്ത് ബജ്‌റംഗ് പ്രവർത്തകർ വൻ ആഘോഷപ്രകടനം നടത്തി.
ജാമ്യാപേക്ഷ പരിഗണിക്കുമെന്ന വിവരമറിഞ്ഞ് ഇന്ന് രാവിലെ മുതൽ തന്നെ ജ്യോതിശർമ അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിൽ പ്രവർത്തകർ കോടതിക്ക് മുന്നിൽ തടിച്ചു കൂടിയിരുന്നു. കന്യാസ്‌ത്രീകൾക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. തുടർന്ന് കേസ് പരിഗണിച്ചതിന് പിന്നാലെ ജാമ്യം കിട്ടിയില്ലെന്ന് ബജ്‌റംഗ് ദളിന്റെ അഭിഭാഷകൻ പുറത്തെത്തി അറിയിച്ചു. ഇതോടെയാണ് പ്രവർത്തകർ കരഘോഷം മുഴക്കി മുദ്രാവാക്യം വിളികളുമായി ആഘോഷങ്ങൾ ആരംഭിച്ചത്.
Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി







































