കോഴിക്കോട്: റിയൽ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനവുമായി ബന്ധപ്പെട്ട് ലോക്കൽ പോലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്‌ച ഉണ്ടായതായി സംസ്‌ഥാന ക്രൈം ബ്രാഞ്ച്. കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ വീഴ്‌ച വരുത്തിയെന്നാണ് റിപ്പോർട്.
പ്രധാന സ്‌ഥലങ്ങളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ അന്വേഷണ ഉദ്യോഗസ്‌ഥർ അടിയന്തിര ശ്രമം നടത്തിയില്ലെന്നും സുപ്രധാന സൂചനകൾ നൽകുന്ന വിവരങ്ങളിൽ ഗുരുതരമായ വീഴ്‌ച ഉണ്ടായിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
മാമിയെ 2023 ഓഗസ്‌റ്റ് 21ന് കാണാതായെന്ന ഭാര്യ റംലത്തിന്റെ പരാതിയിൽ ആദ്യം അന്വേഷണം നടത്തിയ നടക്കാവ് ലോക്കൽ പോലീസ് സംഘത്തിലെ അന്നത്തെ ഇൻസ്‌പെക്‌ടർ പികെ ജിജീഷ്, എസ്‌ഐ ബിനു മോഹൻ, സീനിയർ സിപിഒ എംവി ശ്രീകാന്ത്, കെകെ ബിജു എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരമേഖല ഐജി രാജ്‌പാൽ മീണ ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച് എഡിജിപിയുടെ റിപ്പോർട്ടിലാണ് നടപടി.
ജില്ലയിലെ ക്രമസമാധാനപാലനത്തിൽ ഉൾപ്പെടാത്ത അസിസ്‌റ്റന്റ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല. 60 ദിവസത്തിനകം റിപ്പോർട് നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ‘മാൻ മിസ്സിങ്’ കേസിൽ എസ്‌ഐയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണത്തിന് മേൽനോട്ടം വഹിച്ചതിനാലാണ് ഇൻസ്‌പെക്‌ടർക്കെതിരെയും അന്വേഷണം.
എന്നാൽ, ലോക്കൽ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തെ നയിച്ച അന്നത്തെ സിറ്റി പോലീസ് കമ്മീഷണർക്കെതിരെ പരാമർശമില്ല. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്‌ച ഉണ്ടായതായി മുൻ എംഎൽഎ പിവി അൻവർ അടക്കം തുടക്കം മുതൽ ആരോപിച്ചിരുന്നു. സിസിടിവി തെളിവുകൾ ശേഖരിച്ചില്ലെന്നും കേസ് അട്ടിമറിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്‌ഥൻ ഇടപെട്ടെന്നുമായിരുന്നു ആരോപണം.
2023 ഓഗസ്‌റ്റ് 21നാണ് റിയൽ എസ്‌റ്റേറ്റ് വ്യാപാരിയായിരുന്ന മാമിയെ കാണാതായത്. മൊബൈൽഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 22ന് ഉച്ചവരെ അത്തോളി, പറമ്പത്ത്, തലക്കുളത്തൂർ ഭാഗത്ത് ഉള്ളതായി വിവരമുണ്ടായിരുന്നു. പിന്നീട് എവിടേക്ക് പോയെന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. നടക്കാവ് പോലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്.
സിസിടിവി ദൃശ്യങ്ങളും ബാങ്ക് ഇടപാടുകളും മൊബൈൽ ടവർ ലൊക്കേഷനും ഉൾപ്പടെ പരിശോധിച്ച് അന്വേഷണം നടത്തിയിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. കഴിഞ്ഞ ജൂലൈ പത്തിന് എഡിജിപി എംആർ അജിത് കുമാർ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടും ഒരു തുമ്പും കിട്ടിയില്ല. തുടർന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!