ആലപ്പുഴ: ചേർത്തല സ്വദേശികളായ ബിന്ദു പത്‌മനാഭൻ, ഐഷ, കോട്ടയം അതിരമ്പുഴ സ്വദേശി ജെയ്‌നമ്മ എന്നിവരുടെ തിരോധാനക്കേസുമായി ബന്ധപ്പെട്ട് പ്രതിയുമായി തെളിവെടുപ്പ് തുടർന്ന് അന്വേഷണ സംഘം. വസ്‌ത്ര വ്യാപാരി സെബാസ്‌റ്റ്യനെ ആലപ്പുഴ പള്ളിപ്പുറത്തെ വീട്ടുവളപ്പിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.
പരിശോധനയിൽ വീടിനുള്ളിൽ നിന്ന് രക്‌തക്കറ കണ്ടെത്തി. ആറ് അസ്‌ഥിക്കഷ്‌ണങ്ങളും പരിശോധനയിൽ കണ്ടെത്തി. ഇത് രണ്ടും ആരുടെതെന്ന ചോദ്യത്തിനാണ് പോലീസ് ഇനി ഉത്തരം കണ്ടത്തേണ്ടത്. കൂടുതൽ അസ്‌ഥിക്കഷ്‌ണങ്ങൾ കണ്ടെത്തിയതോടെ ഇയാൾ സീരിയൽ കില്ലറാണോ എന്ന തരത്തിലുള്ള സംശയമാണ് പോലീസിന്. സ്‌റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റാണ് പരിശോധന നടത്തുന്നത്.
വീടിന് സമീപത്തെ മരത്തിൽ നിന്ന് കൊന്ത കണ്ടെത്തി. കൂടാതെ പരിശോധനയിൽ ലേഡീസ് ബാഗും വസ്‌ത്രവും കണ്ടെടുത്തിട്ടുണ്ട്. വീടിന് പിന്നിലെ കുളത്തിലും പരിശോധന നടത്തുന്നുണ്ട്. കുളം വറ്റിക്കാനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞയാഴ്‌ച നടത്തിയ പരിശോധനയിലും വീടിന് സമീപത്ത് നിന്ന് ശരീരാവശിഷ്‌ടങ്ങൾ കണ്ടെത്തിയിരുന്നു.
മൂന്ന് സ്‌ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ട് സെബാസ്‌റ്റ്യൻ സംശയ നിഴലിലാണെങ്കിലും ജെയ്‌നമ്മയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് സെബാസ്‌റ്റ്യൻ പറയുന്നത്. മറ്റു രണ്ടുപേരുടെയും കാര്യം അറിയില്ലെന്നാണ് ഇയാൾ ഇപ്പോഴും പോലീസിനോട് പറയുന്നത്. ജെയ്‌നമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്‌റ്റ്യനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
സ്‌ത്രീകളെ വശീകരിച്ച് സ്വത്തും പണവും കൈക്കലാക്കി കൊലപ്പെടുത്തുന്ന കുറ്റവാസനയുള്ള വ്യക്‌തിയാണ് ഇയാളെന്ന് അന്വേഷണത്തിൽ വ്യക്‌തമായിരുന്നു. ആലപ്പുഴ ജില്ലയിൽ മാത്രമല്ല, സമീപ ജില്ലകളിലും ഇയാൾ കുറ്റകൃത്യങ്ങൾ നടത്തിയതായാണ് വിവരം. ഇതോടെയാണ് കോട്ടയം, എറണാകുളം, കൊല്ലം ജില്ലകളിൽ നിന്നും സമീപകാലത്ത് കാണാതായ സ്‌ത്രീകളുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നത്.
Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!