തിരക്കഥാകൃത്ത് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിക്കുന്ന ‘നിധി കാക്കും ഭൂതം’ എന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയിൽ ആരംഭിച്ചു. കീരിത്തോട്, ചെറുതോണി, കഞ്ഞിക്കുഴി ഗ്രാമങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ആക്‌ടേഴ്‌സ് ഫാക്‌ടറി പ്രൊഡക്ഷൻസിന്റെ ബാനറിലാണ് സിനിമ ഒരുങ്ങുന്നത്.
ഇടുക്കിയിലും പരിസരങ്ങളിലുമുള്ള നിരവധി കലാകാരൻമാരെ കണ്ടെത്തി ഒരുമാസത്തിലേറെ നീണ്ടുനിന്ന പരിശീലന കോഴ്‌സിൽ നിന്നും തിരഞ്ഞെടുത്ത പുതുമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. മലയോര മേഖലയിലെ അതിസമ്പന്നമായ ഒരാൾ തന്റെ വലിയ ബംഗ്ളാവിൽ വർഷങ്ങളായി കെട്ടിപ്പൂട്ടിവെച്ചിരിക്കുന്ന ഒരു നിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പൂർണമായും നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
രവീന്ദ്രൻ കീരിത്തോട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സാരംഗ് മാത്യു, അനീഷ് ഉപ്പുതോട്, ബിജു തോപ്പിൽ, ജോബി കുന്നത്തുംപാറ, ലിബിയ ഷോജൻ, ജിൻസി ജസ്ബിൻ, ജയ, ബിഥ്യ കെ. സന്തോഷ്, സജി പിപി, അഭിലാഷ് വിദ്യാസാഗർ, അനിൽ കാളിദാസൻ, കെവി രാജു, ബിജു വൈദ്യർ, സണ്ണി പനയ്‌ക്കൽ, സികെ രാജു, സാജൻ മാളിയേക്കൽ, ജോമി വെൺമണി, ജോമോൻ പാറയിൽ എന്നിവരും ഏതാനും ബാലതാരങ്ങളും അഭിനയിക്കുന്നു.
പ്രശസ്‌ത സംഗീത സംവിധായകൻ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനവും പശ്‌ചാത്തല സംഗീതവും നിർവഹിക്കുന്നത്. ഗാനങ്ങൾ- ഹരീഷ് വിജു, ഛായാഗ്രഹണം- ഋഷിരാജ്, എഡിറ്റിങ്- ജ്യോതിഷ് കുമാർ, കലാസംവിധാനം- ഷിബു കൃഷ്‌ണ, മേക്കപ്പ്- അരവിന്ദ് ഇടുക്കി, സഹസംവിധാനം-ജിഷ്‌ണു രാധാകൃഷ്‌ണൻ, ലൊക്കേഷൻ മാനേജർ- അജീഷ് ജോർജ്, ഡിസൈൻ- ഷിനോജ് സൈൻ, പ്രൊഡക്ഷൻ കൺട്രോളർ- സേതു അടൂർ. ചിത്രം നവംബർ മാസത്തിൽ പ്രദർശനത്തിനെത്തും.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!








































