തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് തിരിച്ചടി. അനധികൃത സ്വത്ത് സമ്പാദന കേസിൽ അജിത് കുമാറിന് ക്ളീൻ ചിറ്റ് നൽകി വിജിലൻസ് സമർപ്പിച്ച റിപ്പോർട് പ്രത്യേക വിജിലൻസ് കോടതി തള്ളി. സർക്കാർ നേരത്തെ അംഗീകരിച്ച റിപ്പോർട്ടാണ് കോടതി തള്ളിയത്.
കേസ് ഡയറിയും അന്വേഷണ റിപ്പോർട്ടിന്റെ ഒറിജിനൽ പകർപ്പും അന്വേഷണവും സംബന്ധിച്ച സർക്കാർ ഉത്തരവിന്റെ പകർപ്പും സാക്ഷിമൊഴികളും പരിശോധിച്ചതിന് ശേഷമാണ് കോടതി റിപ്പോർട് തള്ളിയത്. വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് ഡിവൈഎസ്‌പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള വിജിലൻസ് പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തി റിപ്പോർട് സമർപ്പിച്ചത്.
വിജിലൻസ് സമർപ്പിച്ച ക്ളീൻ ചിറ്റ് റിപ്പോർട് അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ കോടതി, ഈമാസം 30ന് പരാതിക്കാരന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തും. കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാവും ഇനി തുടർനടപടികൾ. സാക്ഷിമൊഴികളും മറ്റും കോടതി നേരിട്ടാവും രേഖപ്പെടുത്തുക.
അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഢംബര വീട് നിർമാണം, കുരുവൻകോണത്തെ ഫ്‌ളാറ്റ് വിൽപ്പന, മലപ്പുറം എസ്‌പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ റിപ്പോർട് അന്വേഷണ സംഘം സമർപ്പിച്ചിരുന്നത്. എന്നാൽ, എംആർ അജിത് കുമാറിനെതിരായ ഒരു ആരോപണത്തിലും കഴമ്പില്ലെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ.
Most Read| കൗതുകമായി അഞ്ച് തലയുള്ള പന; 30 വർഷമായി സംരക്ഷിച്ച് നാട്ടുകാർ