ദോഹ: ആരാധകർക്ക് ആവേശം പകരാൻ പോർച്ചുഗീസ് താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഫുട്‍ബോളിൽ കളിക്കാനാണ് റൊണാൾഡോ ഇന്ത്യയിലെത്തുക.
ഇന്ന് മലേഷ്യയിലെ ക്വലാലംപുരിൽ നടന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് രണ്ട് നറുക്കെടുപ്പിൽ റൊണാൾഡോയുടെ ക്ളബായ സൗദിയിലെ അൽ നസ്‌റും എഫ്‌സി ഗോവയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടതോടെയാണിത്.
ഹോം ആൻഡ് എവേ അടിസ്‌ഥാനത്തിലാണ് ടൂർണമെന്റിലെ മൽസരങ്ങൾ. അതിനാൽ തന്നെ എഫ്‌സി ഗോവയ്‌ക്കെതിരെ ഇന്ത്യയിൽ കളിക്കാൻ റൊണാൾഡോ എത്തും. സെപ്‌തംബർ 16 മുതൽ ഡിസംബർ 10 വരെയാണ് മൽസരങ്ങൾ നിശ്‌ചയിച്ചിട്ടുള്ളത്.
ചാമ്പ്യൻസ് ലീഗിന്റെ പശ്‌ചിമമേഖലയിലെ 16 ടീമുകളെയാണ് നാല് ഗ്രൂപ്പുകളായി തിരിക്കുന്നത്. ഇതിൽ പോട്ട് ഒന്നിലായിരുന്നു സൗദി ക്ളബ് അൽ നസ്ർ, പോട്ട് മൂന്നിൽ ബഗാനും ഗോവയും. ഇന്ന് നടന്ന നറുക്കെടുപ്പിൽ അൽ നസ്‌റും എഫ്‌സി ഗോവയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെടുകയായിരുന്നു.
അർജന്റീന നായകൻ ലിയോണൽ മെസ്സി കേരളത്തിൽ എത്തുന്നത് സംബന്ധിച്ച അനിശ്‌ചിതങ്ങൾക്കും വിവാദങ്ങൾക്കുമിടെയാണ് ഫുട്‌ബോളിലെ മറ്റൊരു സൂപ്പർ താരമായ റൊണാൾഡോ ഇന്ത്യയിൽ കളിക്കാനെത്തുന്നത്.
Most Read| അശ്‌ളീല ഉള്ളടക്കം; 25 ഒടിടി പ്ളാറ്റുഫോമുകൾക്ക് നിരോധനം








































